വിനോദയാത്രയ്ക്കിടെ നേപ്പാളില്‍ വച്ച് അടച്ചിട്ട ഹോട്ടല്‍ മുറിക്കുള്ളില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍, ഭാര്യ ശരണ്യ, മക്കള്‍ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരെക്കുറിച്ചുള്ള ഓര്‍മ ആരുടെയും ഉള്ളിൽ നനവ് പടർത്തും. ഈ അഞ്ച് അംഗങ്ങളുടെയും ഓർമകൾ നിലനിർത്താനായി നിർമ്മിച്ച ഇരുനില മന്ദിരം ‘പഞ്ചതാരകം ‘ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമര്‍പ്പിച്ചു.
തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ രോഹിണിയില്‍ പ്രവീണ്‍കുമാറിൻ്റെയും ഭാര്യയുടെയും മക്കളുടെയും ഓര്‍മയ്ക്കായി അച്ഛന്‍ കൃഷ്ണന്‍ നായരും അമ്മ പ്രസന്നകുമാരിയുമാണ് കുടുംബ വീടിനു സമീപം ഈ ‘സ്മൃതി മന്ദിരം’ നിർമ്മിച്ചത്.
ഇതിനു സമീപത്താണ് 5 പേരും അന്ത്യവിശ്രമം കൊള്ളുന്നതും.
അടച്ചിട്ട ഹോട്ടല്‍ മുറിയിലെ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്നാണ് പ്രവീണും കുടുംബവും മരിച്ചത്. കുരുന്നുകളടക്കം 8 പേര്‍ മരിച്ച സംഭവം നാടിനെ നടുക്കിയ ദുരന്തമായിരുന്നു. ഇന്നും ആ വേദനയില്‍ നിന്നും മോചനം നേടിയിട്ടില്ല ഈ കുടുംബം.
ലാളിച്ച് കൊതി തീരാത്ത പിഞ്ചോമനകളെയും മകനെയും മരുമകളെയും ഓര്‍ത്ത് കരയുകയാണ് ഈ കുടുംബം. പ്രവീണിന്റെ സഹോദരി പ്രസീദയും ഭര്‍ത്താവ് രാജേഷും തീരുമാനത്തിനു പിന്തുണ നല്‍കിയിരുന്നു.
ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
കുരുന്നുകളടക്കം 8 പേര്‍ മരിച്ച സംഭവം നാടിനെ നടുക്കിയ ദുരന്തമായിരുന്നെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു. മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകും വിധം വായനശാലയും ആരോഗ്യ ഉപകേന്ദ്രവും സാംസ്കാരിക കേന്ദ്രവും ഉള്‍പ്പെടുന്ന സ്മൃതി മന്ദിരം കുടുംബം മുന്നിട്ടിറങ്ങി നിര്‍മിച്ചത് മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഞ്ചുപേര്‍ക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
2020 ജനുവരി 21നായിരുന്നു ദുരന്തം നടന്നത്. രണ്ടു വര്‍ഷം മുന്‍പ് നേപ്പാളിലേക്ക് വിനോദയാത്രയ്ക്കു പോയ 15 പേരടങ്ങുന്ന സുഹൃത് സംഘത്തില്‍ 2 കുടുംബങ്ങളിലെ 8 പേര്‍ അടച്ചിട്ട ഹോട്ടല്‍ മുറിക്കുള്ളില്‍ വിഷവാതകം ശ്വസിച്ചു മരിക്കുകയായിരുന്നു.