സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച അർധരാത്രിയോടെ പ്രസിഡന്റ് ഗൊട്ടബയ രജപക്സെ പ്രഖ്യാപനം നടത്തിയത്.
വ്യാഴം രാത്രി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നുഗേഗോഡയിലെ വീടിനുമുന്നിൽ വലിയ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ അർധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകർക്കും അഞ്ചു സുരക്ഷാ സൈനികർക്കും പരുക്കേറ്റു.
അയ്യായിരത്തിലധികംപേർ അണിനിരന്ന പ്രതിഷേധം സർക്കാരിനെ ഞെട്ടിച്ചു. ആഹ്വാനമില്ലാതെയുണ്ടായ പ്രക്ഷോഭത്തെ ബലം പ്രയോഗിച്ച് അടിച്ചമർത്തി. അമ്പതോളംപേരെ അറസ്റ്റ് ചെയ്തു.
തലസ്ഥാന നഗരത്തിൽ സുരക്ഷ കർശനമാക്കി. സംശയം തോന്നുന്നവരെ സൈനികർ ചോദ്യം ചെയ്യുന്നു. തീവ്രവാദി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് പ്രസിഡന്റ് ആരോപിച്ചു.