കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശന് അടക്കമുള്ളവര്‍ പങ്കെടുത്ത കോട്ടയത്തെ കെ റെയില്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് നാട്ടകം സുരേഷ്. ബാനറില്‍ തന്റെ ചിത്രം വെച്ചില്ലെന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് സുരേഷ് പ്രതിഷേധ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്.
പ്രതിഷേധ പരിപാടിയിലേക്ക് തന്നെ സംഘാടകര്‍ ക്ഷണിച്ചതുമില്ലെന്നും നാട്ടകം സുരേഷിന് പരാതിയുണ്ട്. അതേസമയം പ്രതിപക്ഷ നേതാവും, യുഡിഎഫിലെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്ന മാണി സി കാപ്പനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിയില്‍ ഭാഗമായി.
ഇതിന് പുറമെ യുഡിഎഫിലെ തന്റെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്ന മാണി സി കാപ്പനും ഇതിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്പരം കെട്ടിപ്പുണര്‍ന്ന് തങ്ങളുടെ പരിഭവം മറന്നു. മാണി സി കാപ്പന് വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് വി ഡി സതീശന് വേദിയിലേക്ക് എത്തിയത്. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. അതൃപ്തി എല്ലാം അവസാനിച്ചതായി വേദിയില്‍ മാണി സി കാപ്പന് പ്രഖ്യാപിച്ചു. ഇപ്പോള്‍ സംതൃപ്തി മാത്രമേയുള്ളൂ. എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. മാണി സി കാപ്പനാണ് സമര വേദിയിലേക്ക് യു ഡി എഫ് ചെയര്മാന് കൂടിയായ വി ഡി സതീശനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചത്. വി ഡി സതീശനെ സ്വീകരിച്ചതിന് പിന്നാലെ മാണി സി കാപ്പന് സമര വേദിയില്‍ നിന്ന് മടങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടക്കമുള്ള നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.