Kerala

ബിപിസിഎല്‍ മാനേജ്മെന്റ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്; ദേശീയ പണിമുടക്കില്‍ പങ്കെടുക്കും: സിഐടിയു

കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമാകരുതെന്നും പണിമുടുക്കരുതെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭാരത് പെട്രോളിയത്തിലെ തൊഴിലാളികള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് എറണാകുളം ബിപിസിഎല്ലിലെ സിഐടിയു യൂണിയന്‍ തൊഴിലാളികള്‍ അറിയിച്ചു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മാനേജ്മെന്റ് പണിമുടക്കിനെതിരായ ഉത്തരവ് നേടിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. തങ്ങളുടെ വാദങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും സിഐടിയു പ്രതിനിധി അജി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞത്. സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളുടെ സമരമാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി തടഞ്ഞത്. പ്രതിരോധം, വ്യോമയാനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം എന്നിവയെല്ലാം പണിമുടക്ക് ഉണ്ടായാല്‍ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ലിമിറ്റഡ് അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, ഹര്‍ജിക്കാരുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഇന്ധന വിതരണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Signature-ad

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. അതിനിടെ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

 

Back to top button
error: