IndiaNEWSSportsTRENDING

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം.നാളെ രാവിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ കടക്കാം. തോറ്റാൽ ഇന്ത്യ ടൂർണമെൻറിൽ നിന്നും പുറത്താകും.

നിലവിലെ ഫൈനലിസ്റ്റുകളായ മിതാലി രാജിന്റെ സംഘത്തിന് അഗ്നി പരീക്ഷയാണ് ഞായറാഴ്ചത്തെ മത്സരം. ഹാഗ്‌ലി ഓവലിൽ ശക്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യൻ പെൺപടയുടെ എതിരാളികൾ.ഇതിനകം ടൂർണമെന്റിന്റെ സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് സമ്മർദ്ദം ഏതുമില്ല. പക്ഷെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ സമ്മർദ്ദത്തിലാണ്.

കളിച്ച 6 മത്സരങ്ങളിൽ നിന്നും 6 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.പോയിൻറ് പട്ടികയിൽ വിൻഡീസ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ദക്ഷിണാഫിക്കയ്ക്കെതിരെ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യയെ സെമിയിലെത്തിക്കില്ല.

മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ അഭാവവും മധ്യനിര ബാറ്റർമാരുടെ സ്ഥിരതയില്ലാത്ത പ്രകടനവുമാണ് ഇന്ത്യയെ ഈ അവസ്ഥയിലെത്തിച്ചത്. ക്യാപ്ടൻ മിതാലി രാജ് ബാറ്റിംഗിൽ ഫോമിലല്ല. ഷെഫാലി വെർമയ്ക്കും സ്മൃതി മന്ദാനയ്ക്കും ഹർമൻ പ്രീത് കൌറിനും ബാറ്റിംഗിൽ സ്ഥിരത പുലർത്താനാകുന്നില്ല. പൂജ വസ്ട്രാർക്കറും സ്നേഹ് റാണയും പുറത്തെടുക്കുന്ന ഓൾ റൌണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് അൽപമെങ്കിലും ആശ്വാസമേകുന്നത്.ബോളിംഗിൽ ജൂലൻ ഗോസ്വാമിയും രാജേശ്വരി ഗെയ്ക്ക്വാദും ഫോമിലാണ്.

നേർക്ക് നേർ പോരാട്ടങ്ങളിൽ ദക്ഷിണാഫ്രിക്കക്കാണ് മേൽക്കൈ. സൂൺ ലൂസ് ക്യാപ്ടനായ ടീമിലെ സൂപ്പർ താരം മരിസാന്നെ കാപ്പാണ്. 6 മത്സരങ്ങളിൽ നിന്നും 353 റൺസുമായി വോൽവാത്ത് മികച്ച റൺ നേട്ടക്കാരികളുടെ പട്ടികയിൽ രണ്ടാമതുണ്ട്.

6 മത്സരങ്ങളിൽ നിന്നും 270 റൺസുമായി ഇന്ത്യയുടെ വൈസ് ക്യാപ്ടൻ ഹർമൻ പ്രീത് കൌർ അഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ പൂജ വസ്ട്രാർക്കർ, സ്നേഹ് റാണ എന്നിവർ 10 വിക്കറ്റുകൾ വീതം നേടി വിക്കറ്റ് നേട്ടക്കാരികളുടെ പട്ടികയിൽ ഒന്നാമതുണ്ട്.

ആറ് മത്സരങ്ങളിൽ 4 എണ്ണത്തിലും വിജയിച്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ മിതാലിയുടെ സംഘത്തിന് ഇതുവരെയുള്ള കളി മതിയാകില്ല. ഏതായാലും ജീവന്മരണ പോരാട്ടത്തിൽ വിജയിച്ച് മിതാലിയും സംഘവും സെമി ടിക്കറ്റുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Back to top button
error: