പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്സായി. പ്രൈമറി സ്കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടികളുടെ സ്കൂളുകൾ തുറക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത്. എന്നാൽ ധരിക്കേണ്ട യൂണിഫോമിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ് ഇത് മാറ്റി വയ്ക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്ഥാനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് മലാല ആരോപിച്ചു.
താലിബാൻ അഫാഗാനിസ്ഥാൻ പിടിച്ചടക്കിയതിനുശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും 1996 മുതലേ താലിബാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എതിരാണെന്നും മലാല കൂട്ടിച്ചേർത്തു.