ചീനിക്കുഴി കൂട്ടക്കൊലപാതകം: പോലീസ് കസ്റ്റഡിയിലും കൂസലില്ലാതെ ഹമീദ്
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
ഇടുക്കി: വര്‍ഷങ്ങളായി ഹമീദിന് മകനോടുള്ള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് വീതിച്ചു നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിന്റെ മൊഴി. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആണ്‍ മക്കള്‍ക്കുമായി വീതിച്ചു നല്‍കിയിരിക്കുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേര്‍ന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. വാര്‍ധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ മകന്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പോലീസിനോട് പറഞ്ഞത്.
മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് പോലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. മകന്‍ ഭക്ഷണം നല്‍കുന്നില്ല എന്ന് കാണിച്ച് മുന്‍പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്ത് തിരികെയെത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന് അയല്‍വാസികളും പറയുന്നു. വീട്ടില്‍ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദിന്റെ പകയില്‍ ഇവര്‍ എരിഞ്ഞടങ്ങിയത്. ഇന്നലെ രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തുടര്‍ന്നാണ് രാത്രി പെട്രോളുമായെത്തി ഹമീദ് എല്ലാവരെയും കത്തിച്ചു കൊന്നത്. ഫൈസലിന് ചീനിക്കുഴിയില്‍ പച്ചക്കറി വ്യാപാരമാണ്. മെഹര്‍ പ്ലസ്ടുവിനും അസ്‌ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു. ക്രൂരമായി കത്തിച്ചു കൊലപ്പെടുത്തുമ്പോള്‍ കൊച്ചുമക്കളുടെ മുഖം പോലും ഹമീദ് ഓര്‍ത്തില്ല.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP