നടൻ ദുൽഖർ സൽമാന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ വിലക്കി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.
വേഫേറര്‍ ഫിലിംസ് നിര്‍മിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒ.ടി.ടിക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. കൊച്ചിയിൽ ചേർന്ന ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.
ഭാവിയില്‍ ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചു. ബോബി – സഞ്ജയ് എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് ‘സല്യൂട്ട്.’
തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചെന്നാണ് ഫിയോക് പറയുന്നത്. ഇപ്പോഴെടുത്ത തീരുമാനം മാർച്ച് 31ന് ചേരുന്ന സംഘടനാ ജനറൽ ബോഡിയിൽ അവതരിപ്പിക്കും. തുടർന്ന് നിലവിലെ തീരുമാനം മുഴുവൻ അംഗങ്ങളേയും അറിയിക്കും.
ഇത്തരം തീരുമാനങ്ങളെടുക്കുന്ന മറ്റ് താരങ്ങൾക്കുള്ള താക്കീത് എന്ന നിലയിലാണ് ദുൽഖറിനുള്ള വിലക്ക്. നേരത്തെ പ്രദർശനത്തിനെത്തിയ ദുൽഖറിന്റെ ‘കുറുപ്പ്’ എന്ന ചിത്രം തിയേറ്ററുടമകൾക്ക് വലിയ ആശ്വാസമായിരുന്നു.
എന്നാൽ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രം ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചതിനെതിരെ അന്ന് തിയേറ്ററുടമകൾ പ്രതിഷേധിച്ചിരുന്നു.