യാത്ര ചെയ്യുവാനായി അല്പം സമയവും കയ്യിലൊരു വണ്ടിയും ഉണ്ടെങ്കില്‍ തീർച്ചയായും പോയിരിക്കേണ്ട ഒരു വഴിയുണ്ട്.ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി വെള്ളച്ചാട്ടവും മഴക്കാടുകളും ഹെയര്‍പിൻ റോഡുകളും ഒക്ക കണ്ടിറങ്ങി വാൽപ്പാറ വഴി പൊള്ളാച്ചിയിലെത്തുന്ന യാത്ര.
അതിരപ്പിള്ളി വെള്ളച്ചാട്ടം
ചാലക്കുടിയിൽ നിന്നും ആദ്യം നേരെ അതിരപ്പള്ളിയ്ക്ക് വിട്ടോളൂ.ചാലക്കുടി-ആനമല റൂട്ട് വഴി പോകുന്നതാണ് മെച്ചം. 31.1 കിലോമീറ്ററാണ് ദൂരം. അതിരാവിലെ തന്നെ ഇവിടെ വെള്ളച്ചാട്ടം കാണുവാൻ എത്തിയാൽ കുറഞ്ഞ തിരക്കിൽ കൂടുതൽ നേരം ചിലവഴിക്കാം.മുകളിൽ നിന്നും താഴെ നിന്നുമുള്ള കാഴ്ചകൾ തീർച്ചയായും കാണേണ്ടതാണ്.വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ചാലക്കുടി പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.
അതിരപ്പള്ളിയിലേക്കുള്ള യാത്രയിൽ പെരിങ്ങൽക്കുത്ത് അണക്കെട്ട്, വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി തടയണ, ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം, ഡ്രീംവേൾഡ് വാട്ടർ പാർക്ക്, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് തുടങ്ങിയവ കൂടി സന്ദര്‍ശിക്കാം-സമയം ആവശ്യത്തിനുണ്ടെങ്കിൽ !
വാഴച്ചാലിലേയ്ക്ക്
അതിരപ്പള്ളിയിൽ നിന്നും ഇനി വാഴച്ചാലിലേക്കാണ് യാത്ര. ചെക്പോസ്റ്റിൽ വിവരങ്ങൾ എഴുതിക കൊടുത്ത് കയറുന്നത് മറക്കാനാവാത്ത ഒരു യാത്രയിലേക്കാണ്.കേരളത്തിലെ ഏറ്റവും മനോഹരമായ ഒരു കാനന പാതയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇവിടുത്തെ ഓരോ കാഴ്ചകളും ഓരോ നിമിഷവും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. ഷോളയാർ റിസർവ്വ് ഫോറസ്റ്റിന്റെ ഭാഗമായ വഴിയിലൂടെ കാടിന്റെ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര നിശബ്ദമായിരിക്കുമെങ്കിലും ഇടയ്ക്കിടയ്ക്കുയരുന്ന കാട്ടു മൃഗങ്ങളുടെ ശബ്ദം ഒരേ സമയം പേടിയും അത്ഭുതവും സമ്മാനിക്കും.വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പാ വെള്ളച്ചാട്ടം, തൊട്ടാപുര വ്യൂ പോയന്റ്, തുടങ്ങിയവയാണ് മറ്റ് കാഴ്ചകൾ.
ഇനി യാത്ര മലക്കപ്പാറ വഴി വാൽപ്പാറയ്ക്ക്
വാഴച്ചാലിൽ നിന്നും ഇനി പോകേണ്ടത് വാൽപ്പാറയ്ക്കാണ്.മലക്കപ്പാറ വഴി വാൽപ്പാറയിലേക്കൊരു യാത്ര കൊതിക്കാത്ത ഒരു സഞ്ചാരിയും കാണില്ല.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെ മാത്രമാണ് ഈ പാതയിലൂടെ വാഹനങ്ങൾക്ക് പോകുവാൻ അനുമതിയുള്ളത്. ഇവിടെ നിന്നും ഇനി തമിഴ്നാട്ടിലേക്ക് കടക്കുകയാണ്.
തീർന്നില്ല… ആസ്വദിക്കുവാൻ ഇനിയും ഒരുപാട് കാര്യങ്ങള്‍ ഈ യാത്രയിലുണ്ട്.യാത്ര തമിഴ്നാട്ടിലെത്തി.കോയമ്പത്തൂരി ലെ പ്രശസ്തമായ ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ.ഇനി ഇവിടെ നിന്നും പൊള്ളാച്ചിയിലേക്കുള്ള കിടിലൻ യാത്ര തുടങ്ങുകയാണ്.
വാൽപ്പാറയിൽ നിന്നും പൊള്ളാച്ചിയിലേക്ക്
വാല്‍പ്പാറയിൽ നിന്നും എന്തെങ്കിലും ഒക്കെ കാര്യമായി കഴിച്ച ശേഷം യാത്ര തുടരുന്നതായിരിക്കും ബുദ്ധി.കാരണം യാത്ര ഇനിയും കുറച്ച് ദൂരം കാട്ടിലൂടെയാണ്.ആനയിറങ്ങുന്ന വഴികളും തേയിലത്തോട്ടങ്ങളും കോടമഞ്ഞും ഒക്കെയായി മനോഹരമായ പാത.
വാൽപ്പാറയിൽ നിന്നും പൊള്ളാച്ചിയിലെത്തണെമങ്കിൽ കടക്കേണ്ടത് 40 ഹെയർപിൻ വളവുകളാണ്.അതീവ ശ്രദ്ധയോടെ മാത്രം സഞ്ചരിക്കേണ്ട ഒരിടമാണിതെന്ന് പ്രത്യേകം പറയേണ്ടല്ലോ..കണ്ണോ ശ്രദ്ധയോ ഒരല്പം തെറ്റിയാൽ സ്ഥാനം താഴെ ആളിയാർ ഡാമിലായിരിക്കും.വ്യൂ പോയിന്റുകളും വെള്ളച്ചാട്ടവും അട്ടകെട്ടിയും ഡാം വ്യൂ പോയന്റും എസ്റ്റേറ്റും ഒക്കെ കണ്ടിറങ്ങി ചെക്ക് പോസ്റ്റും കടന്ന് കുറച്ച് ദൂരം പോയാൽ പൊള്ളാച്ചിയിലെത്താം.വാൽപ്പാറയി ൽ നിന്നും പൊള്ളാച്ചിയിലേക്ക് 65.2 കിലോമീറ്റർ ദൂരമാണുള്ളത്.
മലയാള സിനിമകളിൽ അന്നും എന്നും നിറഞ്ഞു വിൽക്കുന്ന ഹിറ്റ് ലൊക്കേഷനുകളിൽ ഒന്നാണ് പൊള്ളാച്ചി.പശ്ചിമഘട്ട മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ എല്ലായ്പ്പോഴും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടം ക്ഷേത്രങ്ങളുടെ നാട് കൂടിയാണ്. മങ്കി ഫാൾസ്, തിരുമൂർത്തി ഹിൽസ്, നേഗാമം തുടങ്ങിയവയാണ് ഇവിടുത്തെ മുഖ്യ ആകർഷണങ്ങൾ.
ഇനി കൂടുതൽ സമയം കൈയ്യിലുണ്ടെങ്കിൽ പെരിയ നേഗമം-സുൽത്താന്‍പേട്ട്-സേലം-ധർ മ്മ പുരി-കൃഷ്ണഗിരി-ഹൊസൂർ വഴി ബാംഗ്ലൂരിലേക്ക് വച്ചുപിടിച്ചോളൂ.