World

സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശം; സഹികെട്ട് സുമിയിലെ വിദ്യാര്‍ഥികള്‍. കാല്‍നടയായി റഷ്യന്‍ അതിര്‍ത്തിയിലേക്ക്… തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്ക്

കീവ്: അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍. തങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പോകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എംബസി ഇതുവരെ യാതൊന്നും ചെയ്തില്ലെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്കാണെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സുമിയില്‍ യാതൊരു പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും തങ്ങള്‍ കാത്തിരുന്ന് മടുത്തെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. സുമിയില്‍ നിന്നും 500 കിലോമീറ്ററോളം അകലെയുള്ള റഷ്യന്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. പക്ഷെ അങ്ങോട്ട് പോകാനായി ഉക്രൈന്റെ അനുമതിയോ എംബസിയുടെ പിന്തുണയോ ലഭിക്കുന്നില്ല. ഇതിനെ തുടര്‍ന്നാണ് അങ്ങോട്ട് നടന്ന് പോകാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച ഇന്ത്യന്‍ പതാകയും ഉയര്‍ത്തിയാണ് റഷ്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുക. ഇത് സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Signature-ad

അതേസമയം വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. സുമിയിലെ വിദ്യാര്‍ഥികളോട് ബങ്കറുകളില്‍ തന്നെ കഴിയാനാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. അപകടകരമായ നടപടികള്‍ക്ക് മുതിരരുതെന്ന് വിദ്യാര്‍ഥികളോട് വിദേശകാര്യ വക്താവ് പറഞ്ഞു. സുമിയിലെ കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും സുരക്ഷിത പാതയൊരുക്കാന്‍ റഷ്യയുമായും യുക്രൈനുമായും ചര്‍ച്ച തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രണ്ട് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് പോലെ സുമിയിലും ഹര്‍കിവിലും വെടിനിര്‍ത്തലിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. വിദ്യാര്‍ഥികളെ യുക്രൈന് പുറത്തെത്തിക്കാനായി റെഡ്ക്രോസിന്റെ കൂടെ സഹായം തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: