അടിച്ചുമാറ്റുന്ന റഷ്യന്‍ ടാങ്കിന് ആദായനികുതി ഇളവ് !
കീവ്: റഷ്യന്‍ സൈന്യം ഉപേക്ഷിച്ചുപോയ യുദ്ധ ടാങ്കുകള്‍ അടിച്ചുമാറ്റിയാല്‍ അതിന് ആദായനികുതി ഇളവ് ! റഷ്യന്‍ ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുക്കുന്നവര്‍ക്കു യുക്രെയ്ന്‍ അഴിമതിവിരുദ്ധ ഏജന്‍സി (എന്‍എപിസി) കഴിഞ്ഞ ദിവസം ആദായനികുതി ഇളവു പ്രഖ്യാപിച്ചതോടെയാണ് ഇവ വിറ്റു കാശാക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായത്. ടാങ്കറുകള്‍ തെരുവുകളില്‍ കളിക്കോപ്പുകളായി മാറിയതോടെ അതുകൊണ്ട് വേറിട്ട ഉപയോഗം കണ്ടെത്തുകയാണ് യുക്രെയ്ന്‍കാര്‍.
ഇത്തരം ടാങ്കുകള്‍ കര്‍ഷകര്‍ ട്രാക്ടറില്‍ കെട്ടിവലിച്ചുകൊണ്ടുപോകുന്ന കാഴ്ച പതിവായി. ടാങ്കിനുള്ളിലെ കാഴ്ചകളും ഉപയോഗങ്ങളുമൊക്കെ വിവരിച്ച് വിഡിയോകള്‍ ചിത്രീകരിച്ച് ടിക്ടോക്കില്‍ വ്‌ലോഗര്‍മാര്‍ സജീവമായി. അതിനിടെ വഴിയില്‍ നിന്ന് കിട്ടിയ ടി 72 ടാങ്കുകളിലൊന്ന് ആരോ ഓണ്‍ലൈന്‍ വിപണിയായ ഇബേയില്‍ ലേലത്തിനിട്ടു. 50,000 യുഎസ് ഡോളര്‍ വിലയിട്ട് ലേലത്തിനു വച്ച ടാങ്കിന്റെ പരസ്യം മണിക്കൂറുകള്‍ക്കുള്ളില്‍ ഇബേയ് തന്നെ നീക്കി. 10 ലക്ഷം ഡോളര്‍ വിലയുള്ള ടാങ്കാണ് നിസ്സാര വിലയ്ക്ക് ലേലത്തിനു വച്ചത്. എന്നാല്‍ ഈ കാര്യങ്ങളില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പല പാശ്ചാത്ത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇബേയ് ലേലത്തിന് വച്ചിട്ടില്ലെന്നും അവ വ്യാജമാണെന്നും പ്രചരിക്കുന്നുണ്ട്.