World

പ്രവാസി രക്ഷിതാക്കള്‍ക്ക് ആശ്വാസം; ദുബൈയില്‍ അടുത്ത അധ്യയന വര്‍ഷത്തിലും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കില്ല

ദുബൈ: ദുബൈയില്‍ അടുത്ത അധ്യയന വര്‍ഷത്തിലും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് കൂടില്ലെന്ന് അധികൃതര്‍. 2022-23 അകാഡമിക വര്‍ഷത്തിലും ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ഈ വര്‍ഷവും സ്‌കൂള്‍ ഫീസ് വര്‍ധിക്കില്ലെന്ന പ്രഖ്യാപനം പ്രവാസി രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‌കൂള്‍ ഫീസില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ 2018-19 അദ്ധ്യയന വര്‍ഷം രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിലക്കേര്‍പെടുത്തി. തൊട്ടടുത്ത വര്‍ഷം പരമാവധി 4.14 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇതുവരെ ഫീസ് കൂടിയിട്ടില്ല.

Signature-ad

ശമ്പളവും വാടകയും മറ്റ് ചിലവുകളും ഉള്‍പെടെ സ്‌കൂള്‍ നടത്തിപ്പിനുള്ള ചിലവ് കണക്കാക്കുന്ന എഡ്യൂകേഷന്‍ കോസ്റ്റ് ഇന്‍ഡക്സും ദുബൈ നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോരിറ്റിയുടെ പരിശോധനയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതുണ്ടോ എന്ന് അധികൃതര്‍ തീരുമാനിക്കുന്നത്.

ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് ഇതിനായി എഡ്യൂകേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്. ഇത്തവണത്തെ റിപോര്‍ടുകള്‍ അനുസരിച്ചും ഫീസ് വര്‍ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് അധികൃതര്‍ കൈക്കൊണ്ടത്. ഇത് മൂന്നാം വര്‍ഷമാണ് ദുബൈയില്‍ സ്‌കൂള്‍ ഫീസ് ഇങ്ങനെ ഒരേ നിലയില്‍ തുടരുന്നത്.

Back to top button
error: