പാലക്കാട്: കാട്ടാനകളുടെ കുരുതിക്കളമായി മാറിയിരിക്കുകയാണ് വാളയാറിലെ റെയില്‍വേയുടെ ബി ട്രാക്ക്.കഴിഞ്ഞ 15 വർഷത്തിനിടെ ഇവിടെ 27 കാട്ടാനകളാണ് ട്രെയിനിടിച്ച് ചരിഞ്ഞത്.എന്നാല്‍ ഓരോ തവണ അപകടം ഉണ്ടാകുമ്പോഴും പരസ്പരം പഴിചാരി രക്ഷപെടുകയാണ് റെയിൽവേയും വനം വകുപ്പും.
സ്ഥിരമായി ആനകൾ അപകടത്തിൽ പെടുന്ന ബി ട്രാക്ക് മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ട്രാക്ക് മാറ്റാന്‍ തീരുമാനമായെങ്കിലും റെയിൽവേയുടെ ഭാഗത്ത് നിന്ന് തുടർനടപടികളൊന്നും ഉണ്ടാവാത്തതാണ് തടസ്സം.വനംവകുപ്പിന്‍റെ സംരക്ഷണവേലി ലക്ഷ്യം കാണാതെ പോയതോടെ കാട്ടാനകളുടെ അപകട മരണം വാളയാർ മേഖലയിൽ പതിവായിരിക്കയാണ്.റയിൽവേയുടെയും വനംവകുപ്പിന്റെയും മൂപ്പിളിമ തർക്കം മൂലം നഷ്ടപ്പെടുത്തുന്നത് ഒരേസമയം നാട്ടുകാരുടെ ഉറക്കവും ആനകളുടെ ജീവനുമാണ്.
റെയിൽവേ ട്രാക്കിലേക്ക് ആന ഇറങ്ങാതിരിക്കാനുള്ള ഒരു മാർഗവും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ട്രെയിൻ തട്ടി ചരിയുന്ന ആനകളുടെ കണക്കുകളെ കുറിച്ചും അധികൃതർക്ക് ധാരണ ഇല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.വനപ്രദേശത്തിന് ഉള്ളിലൂടെയുള്ള റെയിൽവേ ലൈനിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം.മണ്ണിട്ട് ഉയർത്തിയാണ് റെയിൽ സ്ഥാപിച്ചിട്ടുള്ളതെങ്കിലും ആനകൾ ഇതുവഴി സഞ്ചരിക്കുന്നത് പതിവാണ്. സംരക്ഷണ വേലികളും ഫലം കണ്ടിട്ടില്ല.
റെയിൽവേ ട്രാക്ക് മറികടന്ന് ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നതും ഇവിടെ പതിവാണ്.ആശങ്കയോടെ കഴിയുന്ന കുടുംബങ്ങൾക്ക് പലപ്പോഴും ഓലപ്പടക്കമാണ് കയ്യിലുള്ള ഏക പ്രതിരോധ മാർഗം.പടക്കം പൊട്ടുന്ന ഒച്ച കേട്ട് കാടുകയറാത്ത ആനകളും ഉണ്ട്.ജനങ്ങളുടെ ശ്രമം പരാജയപ്പെട്ടാൽ കൃഷിയിടവും വീടുകളും ഉൾപ്പടെ തരിപ്പണമാക്കും. ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് മലമ്പുഴ, കഞ്ചിക്കോട്, കിഴക്കേത്തറ, മരുതറോഡ്. കോട്ടാംപട്ടി മേഖലയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുള്ളത്.മതിയായ സോളാർ വേലിയോ കിടങ്ങോ തീർത്ത് ആനയെ തുരത്താനുള്ള വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടം ഒഴിവാക്കാൻ കഞ്ചിക്കോട്–വാളയാർ മേഖലയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണമുണ്ടങ്കിലും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.