പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇൻ്റർനാഷണലിനു വേണ്ടി നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന കോളേജ് ക്യൂട്ടീസിൻ്റ ചിത്രീകരണം പെരുമ്പാവൂർ ,കാലടി, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ ,സംവിധായകൻ എ.കെ .ബി.കുമാർ പറയുന്നത്.2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട, മുബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്.
കോളേജിലെ കലാതിലകമായ റോസിയും ,ജോണിയും തമ്മിലുള്ള പ്രണയം എല്ലാവരും അംഗീകരിച്ചതായിരുന്നു.കലാരംഗത്തും, പഠന രംഗത്തും ഒന്നാമതായിരുന്ന ഇവർ ,ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ട് വഴിക്ക് പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം, ജോണി മറ്റൊരു സ്ഥലത്ത് നാർകോർട്ടിക് സെല്ലിലെ എ.എസ്.പിയായി ചാർജെടുത്തു. മയക്കുമരുന്ന് മാഫിയക്കെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ് ജോണി, അവിടെ തന്നെ ഒരു പോലീസുകാരൻ്റെ ഭാര്യയായി ജീവിക്കുന്ന റോസിയെ കണ്ടുമുട്ടിയത്.തുടർന്നുണ്ടാകുന്ന, ഞെട്ടിക്കുന്ന സംഭവ വികാസങ്ങളിലൂടെ, കോളേജ് ക്യൂട്ടീസിൻ്റെ കഥ വികസിക്കുന്നു.
ദേവൻ, അനയ് സത്യൻ, നിമിഷനായർ, ശിവജി ഗുരുവായൂർ, നാരായണൻകുട്ടി ,കുളപ്പുള്ളി ലീല ,എ.കെ.ബി കുമാർ, കോബ്രാ രാജേഷ്,നിമിഷ ബിജോ, അദിതി ശിവകുമാർ ,റഫീക്ക് ചോക്ളി, ശ്രീപതി, എലിക്കുളം ജയകുമാർ, അലി, ഡോ.വിജയൻ, കാശിനാഥ്, പ്രകാശ് വി ,തുടങ്ങിയവർ അഭിനയിക്കുന്നു.