IndiaNEWS

സ്വന്തം ജീവന്‍ മറന്ന് മറ്റൊരാള്‍ക്ക് രക്ഷകനായ മുഹമ്മദ് മെഹ്‌ബൂബ് ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ക്കഴിഞ്ഞ ഫെബ്രുവരി അ‌ഞ്ചിന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ മുഹമ്മദ് മെഹ്‌ബൂബ് എന്ന മരപ്പണിക്കാരന്‍ അറിഞ്ഞിരുന്നില്ല ഒരു ജീവന്‍ രക്ഷിക്കാനുള്ള നിയോഗം തനിക്ക് മുന്നിലുണ്ടെന്ന്. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ ബാര്‍ക്കെണ്ടിയിലുള്ള ഫാക്ടറിയിലേക്ക് റെയില്‍ പാളത്തിന് അരികിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് നടത്തം നിര്‍ത്തി കാത്തു നില്‍ക്കുകയായിരുന്നു മെഹ്‌ബൂബും മറ്റ് കാല്‍നടയാത്രക്കാരും. ട്രെയിന്‍ കടന്നുപോകുന്നതിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഒരു കാഴ്ച മെഹ്‌ബൂബ് കാണുന്നത്. അച്ഛനും അമ്മയുമോടൊപ്പം നിന്നിരുന്ന ഒരു പെണ്‍കുട്ടി പെട്ടെന്ന് പാളത്തിലേയ്ക്ക് വീണു.
37കാരനായ മെഹ്‌ബൂബ് ഒരു നിമിഷം പോലും ചിന്തിച്ചുനിന്നില്ല. ഞെട്ടിത്തരിച്ച്‌ നിശ്ചലരായി നില്‍ക്കുന്ന മറ്റ് യാത്രക്കാരെ തള്ളിമാറ്റി എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞു. ട്രെയിന്‍ തൊട്ടടുത്തെത്താന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കുട്ടിയെയെടുത്ത് തിരികെയോടാന്‍ വേണ്ടത്ര സമയമില്ലെന്ന് മനസിലാക്കിയ മെഹ്‌ബൂബ് പെണ്‍കുട്ടിയുമായി ട്രാക്കിന്റെ മദ്ധ്യഭാഗത്തായി കിടന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി കുട്ടിയുടെ തല നിലത്തേക്ക് താഴ്ത്തി വയ്ക്കാനും മെഹ്‌ബൂബ് മറന്നില്ല.
പിന്നാലെ ട്രെയിന്‍ കടന്നുപോയതിനുശേഷം കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തിട്ടാണ് മെഹ്‌ബൂബ് മ‌ടങ്ങിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ പ്രചാരം നേടുകയാണ്.നിരവധി പേര്‍ മെഹ്‌ബൂബിന്റെ ധൈര്യത്തെ പ്രകീര്‍ത്തിക്കുകയും പ്രവര്‍ത്തിയില്‍ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

Back to top button
error: