LIFENewsthen Special
ലോക്ഡൗണ്‍ കാലത്ത് മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി
Web DeskFebruary 10, 2022
കട്ടപ്പന: പച്ചക്കറി കൃഷിയിലും തൈവിപണനത്തിലും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയാണ് കട്ടപ്പന വലിയതോവാള ഉള്ളാട്ട് മാത്യുവിന്‍റെ ഭാര്യ മഞ്ജു (35).രണ്ടുവര്‍ഷത്തെ ലോക്ഡൗണ്‍ കാലത്ത് മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി.
പച്ചക്കറി ഉല്‍പാദിപ്പിച്ചും നഴ്സറി തൈകള്‍ വിപണനം ചെയ്തും ഈ യുവ കര്‍ഷക ചുരുങ്ങിയ കാലത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്‍റെ അംഗീകാരവും നേടി. 2016ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകക്കുള്ള അവാര്‍ഡ് മഞ്ജുവിനായിരുന്നു. കൃഷി വകുപ്പിന്‍റെ ആത്മ അവാര്‍ഡും കുടുംബശ്രീയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
കുടിവെള്ളംപോലും ലഭ്യമല്ലാതിരുന്ന അഞ്ചുമുക്കില്‍ കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലും വിശ്രമമറിയാതെ അധ്വാനിച്ചാണ് യുവതി നേട്ടങ്ങള്‍ കൊയ്തത്. വീട്ടില്‍ സ്വന്തമായി നിര്‍മിച്ച നഴ്സറിയിലാണ് വിവിധതരം പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്. പഞ്ചായത്തുകള്‍ വഴിയും കൃഷിവകുപ്പ് വഴിയുമാണ് വിപണനം. കുരുമുളക്, വാഴ, ചേന, മരച്ചീനി തുടങ്ങിയവക്കൊപ്പം മഴമറ നിര്‍മിച്ച് പയര്‍, പാവല്‍, പച്ചമുളക്, കോളിഫ്ലവര്‍, ബ്രോക്കോളി, മാലിമുളക്, ബജി മുളക്, കാപ്‌സിക്കം, വഴുതന, കോവല്‍, കത്രിക്ക, പടവലം തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യുന്നു.
പശു, ആട്, കോഴി എന്നിവയെയും മഞ്ജു വളര്‍ത്തുന്നുണ്ട്. പച്ചക്കറികള്‍, കച്ചവടക്കാര്‍ കൃഷിസ്ഥലത്തുനിന്ന് നേരിട്ട് വാങ്ങിക്കൊണ്ടുപോകുകയാണ്. മത്സ്യകൃഷിക്കായി രണ്ട് വലിയ പടുത കുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് കുഴല്‍ക്കിണറും പടുത കുളവും നിര്‍മിച്ചാണ് കൃഷിക്ക് ജലസേചന സ്വകര്യം ഒരുക്കിയത്.
ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്. ജൈവ വളങ്ങള്‍ ഉല്‍പാദിപ്പിച്ച് വില്‍ക്കുന്നുമുണ്ട്. ഭര്‍ത്താവ് മാത്യുവും വിദ്യാര്‍ഥികളായ മക്കള്‍ അഞ്ചിത്, അഞ്ജു, ആല്‍ബിന്‍ എന്നിവരും മഞ്ജുവിന്റ സഹായത്തിന് കൂടെയുണ്ട് . 2020-21ല്‍ സംസ്ഥാനത്തെ മികച്ച കര്‍ഷക സ്കൂള്‍ വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് മകള്‍ അഞ്ജുവിന് ലഭിച്ചിരുന്നു.