ഉത്തർപ്രദേശിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറൻ യുപിയിലെ 58 നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
പടിഞ്ഞാറൻ യുപിയിലെ പ്രബല സമുദായമായ ജാട്ട് വിഭാഗക്കാരുടെ സഹായത്തോടെ 53 നിയമസഭാ സീറ്റുകളാണ് 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയത്. കർഷക സമരത്തെ തുടർന്ന് ഉയർന്നു വന്ന ബിജെപി വിരുദ്ധ വികാരവും കരിന്പ് കർഷകർക്ക് വില കൂട്ടി നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടാത്തതും ബിജെപിക്ക് വെല്ലുവിളിയാണ്.
ജാട്ട് സമുദായത്തെ ഏകോപിപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയ ജനതാദൾ നേതാവ് ജയന്ത് ചൗധരിയുടെ പ്രവർത്തനങ്ങളും ബിജെപിയുടെ സാധ്യതകൾക്ക് തടസമാകുന്നു. കർഷക സമരത്തിൽ പങ്കെടുത്ത കർഷകരെ പാക്കിസ്ഥാനികൾ എന്നും ഖാലിസ്ഥാനികൾ എന്നും വിശേഷിപ്പിച്ച ബിജെപി സർക്കാരിന് എതിരേ ഭാരതീയ കിസാൻ യൂണിയൻ ഉൾപ്പെടെയുള്ള കർഷക സംഘടനകൾ നിശബ്ദ സ്വാധീനം ചെലുത്തുന്നു.
പടിഞ്ഞാറൻ യുപിയിലെ എല്ലാ മണ്ഡലങ്ങളിലും കോണ്ഗ്രസ് സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. ബഹുജൻ സമാജ് പാർട്ടി ഏറ്റവും അധികം മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതും ഇവിടെ നിന്നാണ്.
സുരേഷ് റാണ, അതുൽ ഗാർഗ്, ശ്രീകാന്ത് ശർമ, കപിൽ ദേവ് അഗർവാൾ, സന്ദീപ് സിംഗ് തുടങ്ങിയ നിരവധി പ്രമുഖർ പടിഞ്ഞാറൻ യുപിയിൽ നിന്നും മത്സരിക്കുന്നുണ്ട്. ആഗ്ര, മഥുര, അലിഗഡ്, ഗാസിയബാദ്, ബാഘ്പത്, ശാംലി, മീററ്റ് ബുലന്ദ്ശഹർ തുടങ്ങിയ 58 മണ്ഡലങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.