ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ പ്രതിവിധി ഇവിടെയുണ്ട്
അമിതവണ്ണം കാരണം ബുദ്ധിമുട്ടുന്ന ധാരാളം പോരുണ്ട് നമ്മുടെ ചുറ്റും. ജങ്ക് ഫുഡിന്റെ ഉപയോഗവും, ഭക്ഷണക്രമത്തിന്റെ രീതിയും, കുറച്ച് മടിയും ഒക്കെയാണ് അവരെ ഈ നിലയിലാക്കിയതും.ഒരു നല്ല ഡ്രസ് ഇടാന്‍ പറ്റുന്നില്ല, ആത്മവിശ്വാസം നഷ്ടപ്പെടുന്നു തുടങ്ങിയവയൊക്കെയാണ് ഇവര്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍. എന്നാല്‍ ചില നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ ഈ വണ്ണത്തെയൊക്കെ അതിജീവിക്കാവുന്നതേയുളളൂ.
വ്യായാമവും ഭക്ഷണനിയന്ത്രണവും വഴിയാണ് എല്ലാവരും ശരീരഭാരം കുറയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും താത്ക്കാലികമായി മാത്രമാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ഇതിന് പകരം നല്ല ആരോഗ്യശീലങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കുന്നതാണ് ഭാവിയിലേക്ക് എപ്പോഴും കരുതലാകുന്നത്. കൂടിയ ഭാരം കഷ്ടപ്പെട്ട് കുറയ്ക്കുകയല്ല, മറിച്ച് ശരീരഭാരം കൂടാതെ നോക്കുകയെന്നതാണ്.
ഈ പറയുന്ന 6 ശീലങ്ങള്‍ ദിവസവും ചെയ്ത് നോക്കൂ. വളരെ എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ഒന്നാമതായി, ചൂടുവെളളം കുടിക്കാം.രാവിലെ ഉണര്‍ന്ന് കഴിഞ്ഞാലുടനെ വെറും വയറ്റില്‍ രണ്ടോ മൂന്നോ ഗ്ലാസ് ചൂട് വെളളം കുടിക്കുക. ഇതില്‍ അല്‍പ്പം നാരങ്ങ നീരോ തേനോ ഒക്കെ ചേര്‍ക്കുന്നതും ശരീരത്തിന് നല്ലതാണ്. രാത്രിയില്‍ ശരീരത്തിലെ മെറ്റാബോളിസം അളവ് കുറഞ്ഞ തോതിലായിരിക്കും ഇത് കൂട്ടാന്‍ വേണ്ടിയാണ് വെളളം കുടിക്കാന്‍ പറയുന്നത്. മാത്രമല്ല ദഹന-വിസര്‍ജ്യ വ്യവസ്ഥകളും സുഖകരമാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
രണ്ടാമതായി, ആരോഗ്യവാന്‍മാരായിരിക്കാന്‍ ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്യുക,നടക്കാന്‍ പോവുകയോ യോഗ ചെയ്യുകയോ സൈക്കിള്‍ റൈഡിങ് ഒക്കെയാവാം. ഇതിലൂടെ ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ അളവ് കൂട്ടുകയും അന്നത്തെ ദിവസം ഊര്‍ജസ്വലരായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മൂന്നാമതായി, ദിവസവും സൂര്യപ്രകാശം ഏല്‍ക്കുക, സൂര്യപ്രകാശം ഏല്‍ക്കുന്നത് വഴി ശരീരത്തില്‍ വിറ്റാമിന്‍ ഡി ശരീരത്തിന് ലഭിക്കുന്നു. ഇതിലൂടെ അവയവങ്ങളുടെ പ്രവര്‍ത്തനം നല്ലരീതിയിലാകും, നമ്മുടെ മൂഡ് ശരിയാവും, ഊര്‍ജസ്വലരാകും ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
നാലാമതായി, ദിവസവും രാവിലെ തണുത്ത വെളളത്തില്‍ കുളിക്കുന്നത് വളരെ നല്ലതാണ്. ഇത് കൊഴുപ്പ് കളഞ്ഞ് ശരീരത്തിലെ മെറ്റബോളിസം പ്രവര്‍ത്തനങ്ങളെ സാഹായിക്കുന്നു. മാത്രമല്ല നല്ലൊരു ഉണര്‍വ് കിട്ടാനും സഹായിക്കുന്നു.
അഞ്ചാമതായി, ബ്രേക്ക് ഫാസ്റ്റ് ആരും ഒഴിവാക്കരുത്. അത് ആരോഗ്യം നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. പ്രോട്ടീനും ഫൈബറും ധാരാളമടങ്ങുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് ആണ് അടുത്തായി വേണ്ടത്. അതായത് മുട്ട, ഫ്രഷ് പഴങ്ങള്‍ , നട്ട്‌സ്, മാത്രമല്ല കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഓട്‌സ്, മള്‍ട്ടിഗ്രെയിന്‍ ബ്രഡ് തുടങ്ങിയവയും ബ്രേക്ക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്താം.
ആറാമതായി, വാരിവലിച്ച് ഭക്ഷണം കഴിക്കാതിരിക്കുക. അതിലൂടെ ശരീരത്തില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞ് കൂടുന്നു. അതിനാല്‍ നല്ല ഭക്ഷണം ശരിയായ അളവില്‍ കഴിക്കുക. സലാഡുകള്‍, പച്ചക്കറികള്‍ വേവിച്ചത്, നട്ട്‌സ് എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ ഒരു ദിനത്തിനായി കാത്തിരിക്കരുത്. ഇന്നേ ആരംഭിക്കുക.