സോണിയ ഗാന്ധി ഉറച്ചു തന്നെ ,വെട്ടിനിരത്തിയത് നേതൃത്വത്തെ ചോദ്യം ചെയ്തവരെ ,ടീം രാഹുലിന് വൻമേൽക്കൈ

കോൺഗ്രസിനകത്ത് മാറ്റങ്ങളുടെ കാലമാണ് .നേതൃത്വത്തെ ചോദ്യം ചെയ്ത് 23 നേതാക്കൾ കത്തെഴുതിയത് വൻ ആഭ്യന്തര സംഘര്ഷത്തിലേക്കാണ് കോൺഗ്രസിനെ കൊണ്ടുചെന്നെത്തിച്ചത് .1999 ൽ പവാർ – സാങ്മ – അൻവർ എന്നിവർ സോണിയയുടെ വിദേശ പൗരത്വ പ്രശ്നം ഉയർത്തി പാർട്ടിക്കുള്ളിൽ കലാപം ഉണ്ടാക്കിയതിന് സമാനമായിരുന്നു ഗുലാം നബി ആസാദിനെ മുന്നിൽ നിർത്തി ഒരു സംഘം നേതാക്കൾ സോണിയയുടെ നേതൃത്വത്തെ ചോദ്യം ചെയ്തത് .അന്ന് കലാപക്കൊടി ഉയർത്തിയവർ ഇന്ന് പാർട്ടിയിൽ ഇല്ല .23 നേതാക്കളുടെയും സ്ഥിതി ഇതാവുമോ ?

പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചതോടെ സോണിയ ഗാന്ധി കൃത്യമായ സന്ദേശം ആണ് നൽകിയിരിക്കുന്നത് .പുകഞ്ഞ കൊള്ളി പുറത്ത് തന്നെ .ഇന്ദിര ഗാന്ധി കണ്ടെടുത്ത രാജീവ് ഗാന്ധി മികച്ച വ്യക്തി ബന്ധം പുലർത്തിയ 1999 ൽ സോണിയയുടെ പടനായകനായ ഗുലാം നബി ആസാദാണ് പ്രവർത്തക സമിതിയിൽ നിന്ന് പുറത്തായിരിക്കുന്നത് കത്തിൽ ഒപ്പിട്ട തരൂരിനെ പോലെയുള്ളവരെ പരിഗണിച്ചതുപോലുമില്ല .

പ്രവർത്തക സമിതിയിൽ 26 സ്ഥിരം ക്ഷണിതാക്കളെയാണ് നിയമിച്ചിരിക്കുന്നത് .ഇതിൽ 11 പേരും രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തർ ആണ് .രാജീവ് സതാവ് ,കുൽജിത്ത് നാഗ്ര ,ഭക്‌ത ചരൺദാസ് ,മാണിക്കം ടാഗോർ ,ദേവേന്ദ്ര യാദവ് ,എ ചെല്ലകുമാർ ,അവിനാശ് പാണ്ഡെ ,ദിനേശ് ഗുണ്ടുറാവു എന്നിവരൊക്കെ രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തർ ആണ് .

22 സ്ഥിരം അംഗങ്ങളിലും രാഹുൽ സ്വാധീനം വ്യക്തമാണ് .കെ സി വേണുഗോപാൽ ,രൺദീപ് സുർജേവാല ,അജയ് മാക്കെൻ,ജിതേന്ദ്ര സിങ് ,ആർ എസ് മീണ എന്നിവർ രാഹുൽ ക്യാമ്പിൽ ഉള്ളവർ ആണ് .9 പ്രത്യേക ക്ഷണിതാക്കളിൽ ഏഴും രാഹുൽ ഉയർത്തിക്കൊണ്ടുവന്നവർ ആണ് .

മറ്റു നിയമനങ്ങളിലും ടീം രാഹുലിന് വ്യക്തമായ മുൻതൂക്കം ലഭിച്ചിട്ടുണ്ട് .9 ജനറൽ സെക്രട്ടറിമാരിൽ രൺദീപ് സുർജേവാലയും അജയ് മാക്കനും ജിതേന്ദ്ര സിങ്ങും രാഹുലിന്റെ അടുത്ത ആളുകളാണ് .17 പുതിയ എഐസിസി ഇൻചാർജുമാരിൽ 12 പേരും രാഹുലിനോട് അത്രയധികം വിശ്വസ്തത പുലർത്തുന്നവരാണ് .ഇതിൽ ജിതിൻ പ്രസാദ മാത്രമാണ് അത്ഭുതമായുള്ളൂ .കത്തിൽ ഒപ്പിട്ട നേതാവ് ആയിട്ടും ബംഗാളിന്റെ ചുമതല ജിതിൻ പ്രസാദക്കാണ് നൽകിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *