ദമ്മാം : 24 തവണ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കപ്പെട്ട തമിഴ്നാട് സ്വദേശി 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി.തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ജോണിനാണ് (36) മലയാളി കൂട്ടായ്മയായ നവയുഗം പ്രവര്‍ത്തകരുടെ ഇടപെടല്‍ വഴി പുതുയുഗം ലഭിച്ചിരിക്കുന്നത്.
എക്സിറ്റ് വിസയുമായി വിമാനത്താവളത്തില്‍ ചെല്ലുമ്ബോള് അവിടുത്തെ രേഖകളില്‍ ഇങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിയാതെ ജോണിനെ തിരിച്ചയക്കപ്പെടുകയാണ് ചെയ്തിരുന്നത്. പിന്നീട് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താല്‍ വിവിധയിടങ്ങള്‍ കയറിയിറങ്ങി രേഖകള്‍ പൂര്‍ത്തിയാക്കി യാത്രക്കായി തയാറാകും. അങ്ങനെ 24 തവണ ഇത്തരത്തില്‍ തിരിച്ചയക്കപ്പെട്ടു. ഒടുവില്‍ നവയുഗം സംസ്കാരിക വേദിയുടെ ജീവികാരുണ്യ പ്രവര്ത്തകന് മണിക്കുട്ടന്റെ ഇടപെലാണ് ജോണിന് സഹായകമായത്.
14 വര്‍ഷം മുമ്ബാണ് ജോലി തേടി ജോൺ സൗദിയിലെത്തിയത്. എത്തിയതിന്റെ മൂന്നാം ദിവസം താമസസ്ഥലത്ത് കടന്നുകയറിയ കവര്‍ച്ചക്കാരുമായി ഉണ്ടായ അടിപിടി കേസില്‍ പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. പുറത്തുപോയി വരുമ്ബോള്‍ താമസസ്ഥലത്തിനടുത്ത് ഒരു സ്വദേശി യുവാവ് കാലുമുറിഞ്ഞ് ചോരവാര്‍ന്ന് നില്‍ക്കുന്നത് ജോണിന്റെ ശ്രദ്ധയില്‍ പെട്ടു. അയാളുടെ അടുത്തെത്തി ചോര കഴുകിക്കളഞ്ഞ് കുടിക്കാന്‍ വെള്ളവും നല്കി. ശേഷം മുറിയിലേക്ക് പോയ ജോണിന് പുറകെ ഇയാളും എത്തുകയായിരുന്നു. അല്പം കഴിഞ്ഞപ്പോഴേക്കും മറ്റ് 11 പേര് കൂടി മുറിയിലേക്ക് ഇരച്ചുകയറി. മുറിയിലുള്ള സാധനങ്ങള്‍ കൊള്ള ചെയ്യുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. എന്നാല്‍ മുറയിലുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ ഇതിനെ ചെറുക്കുകയും വലിയ സംഘട്ടനം ഉണ്ടാവുകയും ചെയ്തു.
ഈ സമയത്ത് തൊട്ടടുത്തെ ലഘുഭക്ഷണ ശാലയിലെ മലയാളി ജീവനക്കാരന് പൊലീസിനെ വിളിച്ചുവരുത്തി. അന്ന് പൊലീസ് സ്റ്റേഷനില്‍ മറ്റുള്ളവരോടൊപ്പം ഹാജരായ ജോണിന് ഒരു ദിവസം ജയിലിലും കിടക്കേണ്ടി വന്നു. കൂടെയുള്ള ഇഖാമയില്ലാതിരുന്ന മൂന്നു പേര് ആറുമാസ തടവിന് ശേഷം നാടുകടത്തപ്പെട്ടു. പിന്നെയും പല ജോലികള്‍ ചെയ്ത് ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യമായി നാട്ടില്‍ പോകാന്‍ ശ്രമിച്ചപ്പോഴാണ് പഴയ വാറണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ജോണ്‍ അറിയുന്നത്. പിന്നീട് നാട്ടില്‍ പോകാനുള്ള നിരന്തര ശ്രമങ്ങളായിരുന്നു. അതാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.