NEWSWorld

താരമായ് തരംഗമായ് പിണറായി, മുഖ്യമന്ത്രിയോടൊപ്പമുള്ള കൂടിക്കാഴ്ചയുടെ സന്തോഷം മലയാളത്തിൽ പങ്കുവെച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എ.ഇ സന്ദര്‍ശനം തുടരുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

‘എക്സ്പോ-2020’ വേദിയിലായിരുന്നു കൂടിക്കാഴ്ച. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും സന്നിഹിതനായിരുന്നു.

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ചരിത്രപരമായ ഈ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ചത്  മലയാളത്തിൽ ട്വീറ്റുചെയ്തു കൊണ്ടാണ്.

മുഖ്യമന്ത്രിയെ കാണുന്ന ചിത്രത്തിനൊപ്പമാണ് അദ്ദേഹം മലയാളത്തിൽ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ചത്. ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് മലയാളത്തിൽ ട്വീറ്റുചെയ്യുന്നത്.

”കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ കേരള വീക്കിൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യു.എ.ഇ.യ്ക്ക് സവിശേഷബന്ധമാണുള്ളത്. ദുബായുടെയും യു.എ.ഇ.യുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്കുവഹിക്കുന്നുണ്ട്”
ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. നിമിഷനേരംകൊണ്ടാണ് ട്വീറ്റ് വൈറലായത്. പ്രവാസിമലയാളികൾ ഏറെ അഭിമാനത്തോടെയാണ് ട്വീറ്റ് ഏറ്റെടുത്തത്.

മലയാളി സമൂഹത്തോട് കാട്ടുന്ന സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകളിൽ യു.എ.ഇ ആവിഷ്കരിച്ച നൂതന പദ്ധതികളെ  പ്രശംസിച്ച പിണറായി വിജയന്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ദുബായ് ഭരണാധികാരികളുമായി പങ്കുവെച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷമുള്ള  കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വ്യവസായ മന്ത്രി പി.രാജീവ്, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീര്‍, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫലി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.  വാണിജ്യ വ്യവസായരംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി ചേംബറിന്റെ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും. അബൂദബി ചേംബര്‍ ചെയര്‍മാന്‍ അബ്ദുല്ല മുഹമ്മദ് അല്‍ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കൊവിഡ് വ്യാപനം കുറയുമ്പോൾ കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം.

Back to top button
error: