LIFETravel

തരിശുഭൂമിയിലൂടെയുള്ള ഒരു ട്രെയിൻയാത്ര

വിവരണം-ജോയ് ചെറിയക്കര

കേരളത്തിനുപുറത്ത് അനന്തമായി തോന്നിക്കുന്ന തരിശുഭൂമിയിലൂടേയുള്ള ഒരു ട്രെയിൻയാത്ര ആസ്വാദ്യകരമാണെന്ന് ആരും പറയില്ല.ആകർഷകമായി ഒന്നുമില്ലാതെ മടുപ്പിക്കുന്ന കാഴ്ചകളുടെ ആവർത്തനംകൊണ്ട് സ്വാഭാവികമായും അത് വിരസതയുളവാക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, ‘ബ്യൂട്ടി ഈസ് ഇൻ ദി അയ്സ് ഓഫ് ദി ബിഹോൾഡർ’ എന്ന് പറയുന്നതുപോലെ ആസ്വാദനവും നിരീക്ഷകന്റെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുമെങ്കിലോ? ബാംഗ്ലൂരിൽ നിന്ന് ഹൈദെരാബാദിലേക്കുള്ള ഒരു ട്രെയിൻ യാത്രയെക്കുറിച്ചാണ് ഈ കുറിപ്പ്.


ബാംഗ്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് രാത്രി ട്രെയിന് ടിക്കറ്റ് ശരിയാക്കിത്തരാം എന്ന് ട്രാവൽ ഏജന്റ് പറഞ്ഞപ്പോൾ ഞാൻ ഉടനെ സമ്മതിച്ചു.ബസ് യാത്രയേക്കാൾ സൗകര്യം ട്രെയിൻ യാത്ര തന്നെ.വൈകീട്ട് എട്ടുമണിക്ക് മജിസ്റ്റിക്കിലെ ട്രാവെൽ ഏജന്റിന്റെ ഓഫീസിലെത്തി ടിക്കറ്റ് വാങ്ങി. യശ്വന്ത്പുർ സ്റ്റേഷനിൽ നിന്നും രാത്രി 11.40 നാണ് ട്രെയിൻ.
യശ്വന്ത്പുരിലെത്തുമ്പോൾ എനിക്കുള്ള ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു കിടപ്പുണ്ട്. Train no 12251, യെശ്വന്ത്പുർ – കോർബ – വെയ്ൻഗംഗ എക്സ്പ്രസ്സ്.ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പ്പൂരിൽ നിന്നും 200 കി മീറ്റർ അകലെയുള്ള ഒരു പട്ടണമാണ് ‘കോർബ’. അവിടേക്കുള്ള ട്രെയിനാണിത്.കർണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ 1630 കി മീറ്റർ ദൂരം ഈ ട്രെയിൻ യാത്ര ചെയ്യുന്നു. 29 മണിക്കൂറാണ് യാത്രാസമയം. ഇടക്കുവച്ചു ഹൈദെരാബാദിൽ എനിക്കിറങ്ങാനുള്ള ‘കാച്ചിഗുഡ’ സ്റ്റേഷനിലേക്ക് 622 കി മീറ്റർ ദൂരം ഉണ്ട്. രാവിലെ 10.35 ആണ് അവിടെ എത്തുന്ന സമയം.

രാത്രിയുടെ നിശബ്ദതയെ തുളച്ചുകീറുന്ന ശബ്ദത്തിൽ ട്രെയിൻ ഹോണടിച്ചു.ഇരുമ്പു പാളങ്ങളിലൂടെ എൻജിൻ മുന്നോട്ടു വലിക്കുമ്പോൾ, ഭാരമുള്ള ബോഗികൾ വലിഞ്ഞു മുറുകുന്നതിന്റെ മുരൾച്ചയും കറ കറ ശബ്ദവും. ഇരുളിനെ കീറിമുറിച്ചു ട്രെയിൻ അതിന്റെ യാത്ര ആരംഭിക്കുകയാണ്.സ്റ്റേഷനിലെ പ്ലാറ്റുഫോമുകളിൽ നിന്നുള്ള അവശേഷിക്കുന്ന ശബ്ദവും വെളിച്ചവും പുറകിലേക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇരുട്ട് കൂടുന്തോറും അതിന്റെ വേഗതയും കൂടിവന്നു.പാളങ്ങളിൽ തുടികൊട്ടി താളമടിച്ചും താളത്തിനൊപ്പം ഉയർന്നുതാണും ഇടയ്ക്കിടെ ചൂളംവിളിച്ചും പ്രയാണത്തിന്റെ ലഹരി നുകർന്ന് ട്രെയിൻ ദ്രുതചലനത്തിലേക്ക് കടന്നു.ഞാൻ ഉറക്കത്തിലേക്കും.

ഉണർന്നപ്പോൾ കർണ്ണാടക പിന്നിട്ട് ആന്ധ്രയിലൂടെ കുറേ ദൂരം കടന്നുപോയിരുന്നു.ചൂടുകാലത്തും തിരക്കുള്ള സീസണിലും ഒഴികെ ട്രെയിൻ യാത്ര ആസ്വദിക്കണമെങ്കിൽ സ്ലീപ്പർക്ലാസ്സിൽ യാത്ര ചെയ്യണം. സൈഡ്സീറ്റിലിരുന്നു പുറത്തെ കാഴ്ചകൾ കാണുക എന്നതാണ് ട്രെയിൻ യാത്രയിൽ ആസ്വാദ്യകരമായിട്ടുള്ളത്.പുതിയ സ്ഥലങ്ങൾ. വ്യത്യസ്തമായ ഭൂപ്രദേശങ്ങൾ. വേഷവിധാനങ്ങളിലും സംസ്കാരത്തിലും വ്യത്യസ്തത പുലർത്തുന്ന ജനങ്ങൾ, അവരുടെ ജീവിതരീതി ഇങ്ങനെ ബഹുവിധ കാഴ്ചകളാണ് ഒരു യാത്രയെ സമ്പന്നമാക്കുന്നത്.നല്ല യാത്രക്കാരാണ് കോച്ചിലുള്ളതെങ്കിൽ അവരുമായി ഇടപെഴുകുമ്പോൾ ധാരാളം പുതിയ കാര്യങ്ങൾ പഠിക്കാനുമാകും.
പ്രഭാത കർമ്മങ്ങൾക്കു ശേഷം ഞാൻ കാഴ്ചകൾ കാണാനിരുന്നു.കുർണൂൽ പ്രദേശത്തെ കുന്നിൻ നിരകൾ അകലെ മങ്ങി കാണാം. ഹൈദെരാബാദിൽനിന്ന് റോഡ് വഴി കേരളത്തിലേക്ക് കാറിൽ പോകുമ്പോൾ ഈ കുന്നിൻതാഴ്വരകളിലൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് ഓർമ്മ വന്നു.ഏറെ വർഷങ്ങൾക്ക്ശേഷമാണ് ഇത്തരമൊരു യാത്രയുടെ പകൽകാഴ്ച.
കണ്ണെത്താദൂരം വരെ അതിർത്തികളില്ലാതെ വിശാലമായി പരന്നുകിടക്കുന്ന, മരുഭൂമി പോലെ തോന്നിക്കുന്ന ഭൂപ്രദേശങ്ങളാണ് ഇരുവശവും.കൂടുതലും കൃഷിസ്ഥലങ്ങളാണ്.നമ്മുടെ നെൽപ്പാടങ്ങൾ പോലെയല്ല.മഴ കുറവായ വരണ്ട പ്രദേശങ്ങൾ.
Signature-ad

കാഴ്ചകൾ അതിവേഗം കടന്നുവരുന്നു. കൺകുളിർക്കേ കണ്ടു തൃപ്തിയടയുന്നതിന് മുൻപേ അവ പുറകിലേക്കോടിമറയുന്നു.വരണ്ട മണ്ണ്. ഓരോ സ്ഥലത്തും മണ്ണിന് ഓരോ നിറം. ചിലയിടങ്ങളിൽ ഉഴുതുമറിച്ചിട്ട കറുത്ത മണ്ണ്.ചിലയിടത്ത് മണ്ണിന് ചാരനിറം. മറ്റൊരിടത്ത് ചുവന്ന മണ്ണിന്റെ ഭംഗിയാർന്ന വിശാലത മനസ്സിലേക്കോടിക്കയറുന്നു.

കൃഷിക്ക് കാവലും കൃഷിക്കാർക്ക് തണലുമായി ഒറ്റപ്പെട്ട മരങ്ങൾ.വായുവിൽ പറന്നുകളിക്കുന്ന നൂറുകണക്കിന് വരുന്ന ആ കിളികളുടെ കൂടും ആ മരങ്ങളിലായിരിക്കണം!

മരുപ്രദേശങ്ങളിൽ ഒറ്റയാൻ പനകൾ!
“ഖസാക്കിന്റെ ഇതിഹാസ”ത്തിലെ കരിമ്പനകളാണ് ഓർമ്മയിൽ വന്നത്. പുള്ളുവൻ പാട്ടിന്റെ ഈണം അലയടിക്കുന്ന ഖസാക്കിലെ കരിമ്പനക്കാടുകൾ! പനകളിൽ പ്രേതങ്ങൾ കുടിയിരിക്കുന്നുണ്ടാകുമോ? വൈകുന്നേരങ്ങളിൽ ഒറ്റയടിപ്പാതയിലൂടെ വീട്ടിലേക്കു മടങ്ങുന്നവരെ പിടിക്കാൻ പനകളിൽ പ്രേതങ്ങൾ കാത്തിരിക്കും മനുഷ്യർ അടുത്തെത്തുമ്പോൾ കൂർത്ത നഖങ്ങളും നീണ്ടു വളഞ്ഞു പുറത്തേക്ക് തള്ളിനിൽക്കുന്ന രക്തക്കറയുള്ള കോമ്പല്ലുകളുമായി അവ ചാടിവീഴും!

വിശാലമായ കൃഷിയിടങ്ങളിൽ ചിലയിടത്ത് വിളവെടുപ്പ് നടക്കുന്നു.ചിലർ അതിനോട് ചേർന്ന് കൃഷിയിറക്കുന്നു.മറ്റൊരിടത്തു നിലം ഒരുക്കുന്നു.ട്രാക്ടറുകൾ ഉപയോഗിച്ചാണ് നിലം തയ്യാറാക്കുന്നത്. ചിലയിടങ്ങളിൽ കൃഷിക്കാർ കാളകളെ വച്ച് നിലം ഉഴുകുന്നു.നമ്മുടെ നെൽപ്പാടങ്ങളുടെ നടുവിലൂടെ വെള്ളം നിറഞ്ഞൊഴുകുന്ന വലിയ തോടുകളും അവയുമായി ബന്ധിപ്പിച്ചു വിലങ്ങനെ പോകുന്ന ചെറുതോടുകളും ഒന്നും ഇവിടെയില്ല. കൃഷിയിറക്കാൻ വെള്ളത്തിനായി ഇടക്കിടെ കുഴൽ കിണറുകൾ കുത്തിയിട്ടുണ്ട്.

പലതരം ധാന്യങ്ങളും പരുത്തിയും കരിമ്പും മറ്റുമാണ് കൃഷി.കൊയ്ത്തുകഴിഞ്ഞ പാടത്ത് മേഞ്ഞുനടക്കുന്ന കന്നുകാലികൾ. കുറേ സ്ഥലങ്ങൾ കുറ്റിക്കാടുകളാണ്. അവിടെ മേഞ്ഞുനടക്കുന്ന ചെറിയ ആട്ടിൻകൂട്ടങ്ങൾ,കുതിരകൾ,കോവർ കഴുതകൾ…! നിർത്താതെ കടന്നുപോകുന്ന ചെറിയ സ്റ്റേഷനുകൾ യാത്രക്കാരെ കാത്തുകിടക്കുന്നു.അവിടെ നായകൾ സുഖനിദ്രയിൽ! ഇതേപോലെ ധാരാളം സ്റ്റേഷനുകൾ.പേര് മാത്രമേ മാറ്റമുണ്ടാകുകയുള്ളൂ.അതിനോട് ചേർന്ന് തന്നെയാണ് ജനവാസമുള്ള പ്രദേശങ്ങളും.

അതുകഴിഞ്ഞാൽ കൃഷിക്കാരുടെ പുല്ലു മേഞ്ഞതോ, പനയോല മേഞ്ഞതോ ആയ ചെറിയ ചെറിയ വീടുകൾ. വീടുകളോട് ചേർന്ന് തൊഴുത്തും കന്നുകാലികളും വൈക്കോൽ കൂട്ടവും കാണാം. ഇത്തരത്തിലുള്ള ചെറിയ ഗ്രാമങ്ങൾ കഴിഞ്ഞാൽ വീണ്ടും വിശാലമായ കൃഷിസ്ഥലങ്ങൾ.ഇതിനിടയിൽ ഒറ്റപ്പെട്ട കുന്നുകൾ.വലിയ കല്ലുകൾ അടുക്കി വച്ചിരിക്കുന്നതുപോലെയാണവ. താഴ്വാരങ്ങളിൽ ചിതറിക്കിടക്കുന്ന വലിയ കല്ലുകൾ.അതെല്ലാം പെറുക്കി മാറ്റിയാണ് പരിസരങ്ങളിൽ കൃഷി നടത്താൻ നിലം ഒരുക്കിയിരിക്കുന്നത്.

വീണ്ടും നോക്കെത്താദൂരം തരിശുഭൂമി. അതിലൂടെ കടന്നുപോകുന്ന ഹൈ പവർ ഇലക്ട്രിക് ലൈനുകളുടെ അലുമിനിയം പെയിന്റടിച്ച കൂറ്റൻ ടവറുകൾ.ടവറുകളുടെ നീണ്ട നിര ചെറുതായി ചെറുതായി അങ്ങകലെയുള്ള കുന്നിൻ താഴ്വരയിൽ ഇല്ലാതാകുന്നു.മുന്നിൽ റെയിൽപാത രണ്ടായി പിരിയുന്നു.കുറച്ചുകൂടി മുന്നോട്ടു നീങ്ങി വലിയൊരു വളവെടുത്ത് ചൂളം വിളിച്ചുപോകുന്ന ഒരു ട്രെയിൻ! അത് ഞാൻ യാത്ര ചെയ്യുന്ന ട്രെയിൻ തന്നെയാണ് എന്നെനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. മനസ്സിൽ കൗതുകം നിറച്ച ഒരു കാഴ്ചയായിരുന്നു അത്.

റയിൽട്രാക്കിനു സമാന്തരമായി വരുന്ന റോഡുകൾ കുറേദൂരം ഓടി കറുത്ത വരപോലെ വിജനതയിലേക്ക് അകന്നുപോകുന്നു.ചെറിയ റെയിൽവേ ക്രോസ്സുകളിൽ കാത്തുകിടക്കുന്ന വണ്ടികളും അതിനുള്ളിലെ അക്ഷമരായ ജനങ്ങളും.വലിയ സ്റ്റേഷനുകൾ വരുമ്പോഴാണ് പട്ടണങ്ങൾ കാണാനാവുക. അവ വിട്ടകന്ന് തരിശുഭൂമിയിലൂടെ കുറേദൂരം ഓടിയെത്തിയപ്പോൾ ഒന്നുരണ്ടിടങ്ങളിൽ തടാകങ്ങൾ.
മറ്റിടങ്ങളിൽ മഴ പെയ്തു വെള്ളം കെട്ടിക്കിടക്കുന്നു.അധികം വെള്ളമില്ലാത്ത ഒരു നദിക്കു കുറുകേയുള്ള പാലത്തിലൂടെ ട്രെയിൻ കടന്നുപോയി.നദിയിൽ നനവുള്ളതിനാൽ കൃഷിയിറക്കിയിട്ടുണ്ട്.

വെള്ളം ധാരാളമുള്ളയിടങ്ങളിൽ നെൽകൃഷിയുടെ മനോഹരമായ പച്ചപ്പരപ്പ്. ചില ഭാഗങ്ങളിൽ വിവിധ നിറങ്ങളിലുള്ള സാരിയോ അതോ അതുപോലെ നീളത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റോ നീളത്തിൽ കെട്ടി കൃഷി മറച്ചിട്ടുണ്ട്. ഒന്നുരണ്ടിടത്തു ചെറിയ തോട്ടങ്ങൾ കാണാറായി.ആന്ധ്രപ്രദേശ് കഴിഞ്ഞു തെലങ്കാനയിൽ എനിക്കിറങ്ങാനുള്ള സ്റ്റേഷൻ എത്തുന്നതുവരെ ചിത്രങ്ങളിൽ കാണുന്നതുപോലെ ഒരേ കാഴ്ചകളാണ് ഇടവിട്ട് കാണാൻ കഴിഞ്ഞത്. അതുകൊണ്ടുള്ള ചെറിയ മുഷിച്ചിൽ ഉണ്ടായിരുന്നെങ്കിലും ഏറെ വർഷങ്ങൾക്കു ശേഷം ഇത്തരത്തിൽ ഒരു യാത്രയിലൂടെ ലഭിച്ച സംതൃപ്തിയും ചിത്രങ്ങൾ പകർത്താൻ സാധിച്ചത്തിലെ സന്തോഷവും വലുതാണ്.അതുകൊണ്ടുതന്നെയാണ് യാത്രകൾ ഞാൻ ഇഷ്ടപ്പെടുന്നത്.

ഹൈദെരാബാദ് അടുക്കുകയാണ്.നീണ്ട മണിക്കൂറുകൾ ഓടിത്തളർന്ന ട്രെയിൻ ‘കാച്ചിഗുഡ’ സ്റ്റേഷനിൽ വിശ്രമിക്കാനിടം കണ്ടെത്തി.ട്രെയിൻ ഇറങ്ങി പ്രീപെയ്ഡ് ഓട്ടോ പിടിക്കുമ്പോൾ വിശ്രമം കഴിഞ്ഞു ട്രെയിൻ അതിന്റെ യാത്ര തുടരാനുള്ള ഒരുക്കത്തിലാണ്. ഹോൺ മുഴങ്ങുന്നു. അതെന്നോട് ബൈ പറയുകയാണെന്ന് തോന്നുന്നു. ഓർത്തുവക്കാൻ ഒരു പിടി ഓർമ്മകളുമായി ഞാൻ വീട്ടിലേക്ക് തിരിക്കുമ്പോഴും യാത്രയുടെ താളത്തിൽനിന്ന് ഞാൻ വിമുക്തനായിരുന്നില്ല.

Back to top button
error: