സി.പി.എം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം; ആശയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തക തൂങ്ങി മരിച്ച സംഭവത്തിലെ ആത്മഹത്യക്കുറിപ്പ് പുറത്ത് വിട്ട് പോലീസ്. സി.പി.എം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ജീവനെടുക്കുന്നതെന്നാണ് ആശയുടെ ആത്മഹത്യകുറിപ്പില്‍ എഴുതിയിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവരുടെ പേരുകളാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പ് പുറത്തുവിടാത്തതില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സമരം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തു. റോഡ് ഉപരോധമുള്‍പ്പെടെ രണ്ട് മണിക്കൂറോളം പ്രതിഷേധം നീണ്ടു. തുടര്‍ന്നാണ് തഹസില്‍ദാരെത്തി ആശയുടെ ആത്മഹത്യാക്കുറിപ്പ് നാട്ടുകാര്‍ക്ക് വായിച്ചുകേള്‍പ്പിച്ചത്.
പാറശ്ശാല ചെങ്കല്‍ അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ആശയെ(41)യാണ് അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ ഇന്നലെ പാറശാല പാര്‍ട്ടി ഓഫീസില്‍ നടന്ന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു.
രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അരുണ്‍ കൃഷ്ണ ,ശ്രീകാന്ത് എന്നിവര്‍ മക്കളാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.