NEWSTRENDING

പെണ്ണിന്റെ ലൈംഗികത സ്വകാര്യ ഭാഗങ്ങൾ ഇതൊക്കെയാണോ പ്രശ്നം ,ആണിനിതൊന്നും ബാധകമല്ലേ ?റംസി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈക്കോളജിസ്റ്റ് കലാമോഹൻ

റംസിയുടെ സാമൂഹിക മാനസിക സാഹചര്യം വിശകലനം ചെയ്യുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ കലാ മോഹൻ .

Signature-ad

കലാമോഹന്റെ വിശകലനം ഇങ്ങനെ

വൈകാരികമായി മാത്രം പ്രശ്നം കാണാതെ പ്രയോഗികമായും ചിന്തിക്കാം
—————————————————————–
പത്ത് വർഷത്തോളം നീണ്ട പ്രണയത്തിന്റെ ഒടുവിൽ റംസി എന്ന പെൺകുട്ടി, കൊല്ലം കൊട്ടിയത്ത് ആത്മഹത്യ ചെയ്തു..
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ഞങ്ങളുടെ കൊല്ലം ജില്ലയിൽ ആണെന്ന് റിപ്പോർട്ട്‌
എന്റെ കൊല്ലം..
ഞാൻ ജനിച്ചു വളർന്ന നാട്..
ഇപ്പോൾ ഞാൻ ജീവിക്കുന്നത് തിരുവനന്തപുരം ആണെങ്കിലും എന്റെ ഉയിർ അവിടെയാണ്..
എന്റെ ജനനം മുതൽ ഞാൻ അനുഭവിച്ച സുഖകരമായ അനുഭവങ്ങൾ ഉള്ള കൊല്ലമല്ലായിരുന്നു,
എന്റെ ഔദ്യോഗിക ജീവിതത്തിലെ ആറു വർഷങ്ങൾ ഞാൻ കണ്ടത്..
2015 വരെ ഞാൻ ആ മേഖലയിൽ ഉണ്ടായിരുന്നു..

റംസി ജീവിച്ച, സ്ഥലം..
അവളുടെ കാമുകൻ ന്റെ സ്ഥലം..
ഞാൻ ജോലി നോക്കിയതും അതേ ഇടത്ത് ആയിരുന്നു..
ആറു വർഷങ്ങൾ…
സമ്പന്നതയുടെ അങ്ങേ അറ്റത്തും, അതിനേക്കാൾ സാമ്പത്തിക പരാധീനതയുടെ ഇങ്ങേ അറ്റത്തും ഉള്ള ജീവിതങ്ങളെ ഞാൻ കണ്ട കാലങ്ങൾ..
ആചാരങ്ങൾ സമം കടബാധ്യത എന്നതാണ് അവിടെ ഉള്ള പാവങ്ങളുടെ ജീവിതം..
ഓരോ സമുദായവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും ആചാരങ്ങളും കീഴ്വഴക്കങ്ങളും മാറ്റി വെയ്ക്കാൻ തയ്യാറല്ല..
കടം വാങ്ങി ആചാരങ്ങൾ ഒപ്പിക്കും .
പണം ഇടപാട് , പലിശയ്ക്ക് എടുപ്പ് ഒക്കെ വൻ തോതിൽ..
പഠനം തുടരാതെ പകുതി വഴിക്ക് നിർത്തുന്നവർ ഒരുപാട് ഉണ്ടായിരുന്നു…
കടം വാങ്ങി, വസ്തു പണയയപ്പെടുത്തി പുരുഷന്മാരെ വിദേശത്ത് ജോലിക്ക് പറഞ്ഞു വിടുകയും ചെയ്യുന്ന ഭാര്യമാരാണ് പിന്നെ ആ കുടുംബം നോക്കുന്നത്..
വിദേശത്തു പോയി എന്നത് കൊണ്ട് കടം തീരുന്നില്ല..
കടമ കൂടുന്നതല്ലാതെ..
പിടിപ്പില്ലാത്ത പെണ്ണുങ്ങൾ ആണേൽ അയാൾ തിരിച്ചെത്തുമ്പോൾ ഉള്ളതിന്റെ ഇരട്ടി കടമാക്കി വെച്ചിട്ടുണ്ടാകും..
നല്ല മിടുക്കി ആണേലും പെൺകുട്ടികളെ അധികം പഠിപ്പിക്കാതെ കെട്ടിച്ചു വിടുന്നത് കണ്ടു അസാഹ്യതയോടെ പ്രതികരിച്ചു പോയിട്ടുണ്ട്..
പക്ഷേ, അതൊന്നും അവിടെ അന്ന് വിലപോയിരുന്നില്ല…
ഇത്രധികം കേസുകളോ എന്ന് അതിശയം തോന്നിയത് കൊണ്ട് വിവരാവകാശത്തിന് ആ കാലങ്ങൾ ഞാൻ സമീപിച്ചു..

ഏറ്റവും അധികം പീഡനവും ഗുണ്ടായിസവും റിപ്പോർട്ട്‌ ചെയ്ത പ്രദേശങ്ങളിൽ ആയിരുന്നു എന്റെ ജോലികൾ..
അംഗനവാടികളിൽ ക്ലാസുകൾ എടുക്കാൻ പോകുമ്പോൾ അവിടെ ഉള്ള അധ്യാപികമാർ തരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലതും മേധാവികൾക്ക് പരാതിയായി തന്നെ കൊടുത്തിട്ടുണ്ട്..
കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്ലാസ്സ്‌ എന്ന് വലിച്ചു കെട്ടിയ ബാനറിന്റെ മുന്നില് നിന്ന് എത്രയോ ക്ലാസുകൾ എടുത്തു..
അപ്പോഴൊക്കെ ആലോചിക്കും.
എന്തേ ആൺകുട്ടികൾക്ക് ഇതൊന്നും കേൾക്കേണ്ടേ..
പെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങൾ ഇതൊക്കെ മാത്രമാണോ അപ്പോൾ പ്രശ്നം..
ആണിന് ഇതൊന്നും ബാധകമല്ലേ..
പെൺകുട്ടും ആൺകുട്ടിയും ഒന്നിച്ചല്ലേ ഇത്തരം ചർച്ചകളിൽ പങ്കെടുക്കേണ്ടത്..
അന്ന്, ഞാനുണ്ടായിരുന്ന സ്കൂളിൽ മുതിർന്ന ആൺകുട്ടികൾ അധികവും പാർട്ട്‌ ടൈം ജോലിക്കു പോയി കാശുണ്ടാക്കുന്നവരായിരുന്നു..
എന്ത് പണിയും ചെയ്യുന്ന ഉശിരുള്ള കുട്ടികൾ..
ആ പണം കൊണ്ട് അവർ നഗരത്തിലെ സമ്പന്നരായ കുട്ടികളെ പോലെ “”ചെത്തി “”
നടക്കുന്നത് കാണമായിരുന്നു..
വേണേൽ പഠിച്ചു കേറാം..
പക്ഷേ അങ്ങനെ ഓതി കൊടുക്കാൻ വീട്ടിൽ ആർക്കും താല്പര്യം ഇല്ല..
പെങ്ങളുടെ കെട്ടിന് എടുത്ത പണത്തിന്റെ പലിശ അടയ്ക്കാൻ അവനും കൂടും..
സ്നേഹിച്ചാൽ നക്കി കൊല്ലും, പിണങ്ങിയാൽ വെട്ടി കൊല്ലും എന്ന രീതി ആയിരുന്നു അവരുടെ സ്വഭാവത്തിൽ ഞാൻ കണ്ട സവിശേഷത..

കൊട്ടിയം ഭാഗം മുതൽ ഏതാണ്ട് പള്ളിമുക്ക് വരെ ഞാൻ ഇടപെടൽ നടത്തിയിരുന്നു…
കുറുക്കന്മാരായ രാഷ്ട്രീയക്കാർക്ക് അണികളെ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കാൻ പറ്റിയ ഇടങ്ങൾ…
കരുത്തുള്ള ആൺകുട്ടികളെ ഇഷ്‌ടം പോലെ കൂടെ നിർത്താൻ പറ്റും..
ഇന്ന് അന്നത്തെ പല ആൺകുട്ടികളെയും കണ്ടാൽ തിരിച്ചറിയില്ല..
വലിയ മീശയും താടിയും ആയി, മുന്നില് വന്ന് ചിരിക്കുമ്പോൾ സന്തോഷം തോന്നും..
എന്ത് ചെയ്യുന്നു നീയിപ്പോ?
പഠിച്ചില്ല, അപ്പോഴേ ഞാൻ ചെറിയ തട്ടിക്കൂട്ട് ബിസിനെസ്സിൽ ഇറങ്ങി..
ചിരിച്ചു കൊണ്ട് അവർ..
പത്താം ക്ലാസ്സിൽ പഠനം നിർത്തിയ അവരോട് എന്ത് ബിസിനസ്‌ എന്ന് ചോദിക്കാൻ തോന്നാറില്ല..
നന്നായി പഠിക്കുമായിരുന്ന പെൺകുട്ടിയെ കാണുമ്പോ കണ്ണ് നിറയും..
അവളുടെ നിഷ്കളങ്കമായ ചിരിക്കു കൂട്ടായ് ഒക്കത്ത് ഒരു കുട്ടിയും ഉണ്ടാകും..
അല്ലേൽ അവളുടെ കെട്ടു ഉറപ്പിച്ചു വെച്ചതാകും..
പിന്നെ പഠിക്കേണ്ടതില്ലല്ലോ..
പെൺകുട്ടികളെ പീഡിപ്പിച്ച കേസുകൾ ക്കു പുറമെ ആൺകുട്ടികളെ പീഡിപ്പിച്ച കേസും എടുത്ത കൗൺസിലർ ആണെന്ന് ഒരു പോലീസ്‌കാരൻ എന്നെ അഭിനന്ദനങ്ങൾ അറിയിച്ചു..
പരാതി കൊടുക്കാനും സാക്ഷി പറയാനും അന്ന് നിയമങ്ങളുടെ പിൻബലം ഇല്ലായിരുന്നു….
പക്ഷേ ആ അഭിനന്ദനങ്ങൾക്കു അപ്പുറം അവിടത്തെ അവസ്ഥ ഓർക്കുമ്പോൾ ഇപ്പോഴും ഭീതി ആണ്…
എഴുതിയാൽ തീരില്ല..

അക്ഷരം കൊണ്ട് ശത്രുക്കളെ കൂട്ടാനും വയ്യ..
ജീവിതശൈലി ആണ് പലപ്പോഴും ജീവന് ആപത്താകുന്നത്..
ജീവിതശൈലി മെച്ചപെടുത്തി എടുക്കാൻ ജനങ്ങളെ സഹായിക്കേണ്ടതോ ഭരണം ഏറ്റെടുത്തു നടത്തുന്നവർ….
റംസിയുടെ ചിത കെട്ടടങ്ങാൻ അധികം നേരമാകില്ല..
താമസിക്കാതെ അവളെ എല്ലാവരും മറക്കും..
എത്രയോ റംസിമാർ ഉണ്ടായിട്ടുണ്ട്..
ഇനിയും ഉണ്ടാകും..
ഒരാൾക്ക് ശിക്ഷ കൊടുത്തത് കൊണ്ടാകില്ല..
അവിടെ മൊത്തത്തിൽ അഴിച്ചു പണിയണം..
ചിന്താഗതികൾ മാറാൻ സമയം എടുക്കും..
റംസിയയുടെ പരാധീനത ഉള്ള കുടുംബം നിശ്ചയം നടത്തിയപ്പോൾ ചെറുക്കന് കൊടുത്ത ഒരു ലക്ഷം വിലയുള്ള വാച്ച് മുതലുള്ള കാര്യങ്ങൾ കേട്ടു..
അതിനു അവർ എടുത്തു കൂട്ടി വെച്ചിരിക്കുന്ന പലിശ ഊഹിക്കാം..
അതേ പോലെ എത്രയോ ഇടങ്ങളിൽ സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു..
സ്ത്രീധന ഇടപാടിൽ കൊല്ലം ജില്ലയിൽ എന്ത് പ്രതിസന്ധി വന്നാലും ഒരു ഇളവും പ്രതീക്ഷിക്കേണ്ട..
രാഷ്ട്രീയം കലർത്തി, മതവികാരങ്ങൾക്ക് തീകൊളുത്തി, ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചു, സ്വാർത്ഥകാര്യങ്ങൾ നേടിയെടുക്കാതെ,
ആത്മാർത്ഥതയോടെ ജനങ്ങൾക്ക്‌ ഇടയിൽ ഇറങ്ങി ചെല്ലാൻ ആരേലും ഉണ്ടാകുന്ന കാലം വരട്ടെ…
കല, കൗൺസലിംഗ് സൈക്കോളജിസ്റ്

Back to top button
error: