ഒരു മൂട് കാന്താരി കൊല്ലയെങ്കിലും നടാത്ത ആരെങ്കിലും ഉണ്ടാകുമോ കേരളത്തിൽ ?.അല്ലെങ്കിൽ ഒരു കറിവേപ്പിൻ തൈ.അതെ, ജീവിതത്തിൽ ഒരിക്കലെങ്കിലും കര്‍ഷകനാകാത്ത ആരും തന്നെയുണ്ടാകാൻ വഴിയില്ല.വര്‍ഷങ്ങളായി കൈമാറിക്കിട്ടിയ അറിവുകളാണ് കര്‍ഷകന്റെ എന്നത്തേയും കൈമുതലും.
ഒന്നു ശ്രമിച്ചാൽ അല്ലെങ്കിൽ ഒന്നു ശ്രദ്ധിച്ചാൽ ആവശ്യമായ പച്ചക്കറികളും മറ്റും നമുക്ക് വീട്ടിൽ തന്നെ വിളയിച്ച് എടുക്കാവുന്നതേയുള്ളൂ.അടുക്കളത്തോട്ടം എന്നത് സ്ത്രീകളുടെ മാത്രം ആവശ്യമല്ലെന്നും ഓർക്കുക.പ്രത്യേകിച്ച് ഇന്നത്തെ പച്ചക്കറികളുടെ വിലയെങ്കിലും ഓർക്കുമ്പോൾ…
പയര്‍, മുളക്, തക്കാളി, വെണ്ട,വഴുതന തുടങ്ങി വിവിധ പച്ചക്കറി വിളകള്‍ നന്നായി വളരാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും സഹായിക്കുന്ന ചില നാട്ടറിവുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
1. പയര്‍, മുളക് എന്നിവയുടെ പൂകൊഴിച്ചില്‍ മാറാന്‍ പൊട്ടാഷ് വളമായ ചാരം തടത്തില്‍ ചേര്‍ത്ത് നനച്ച് കൊടുക്കുക.
2.പാവക്കയുടെ കുരുടിപ്പ് മാറാന്‍ 100 ഗ്രാം വെളുത്തുള്ളി അരച്ച് 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക.
3.പടവലം, പാവക്ക, ചുരക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 25ഗ്രാം കായം പൊടിച്ചു ചേര്‍ത്ത് മൊട്ടുകളില്‍ സ്‌പ്രേ ചെയ്യുക.
4.ഉലുവ 30-50ഗ്രാം ചതച്ച് പടവലം, പയര്‍ എന്നിവയുടെ ചുവട്ടില്‍ ഇട്ടുകൊടുത്താല്‍ തണ്ടുതുരപ്പനെ പ്രതിരോധിക്കാം.
5. പയറിലെ ചാഴിശല്യം അകറ്റാന്‍-ഉണക്കമീന്‍ തലേ ദിവസം വെളത്തിലിട്ട് വെച്ച് നന്നായി ഇളക്കി അതിന്റെ തെളി എടുത്ത് പൂവിലും ഇലകളിലും തളിക്കുക. അല്ലെങ്കില്‍ 10 ഗ്രാം കാന്താരി മുളകും, 50ഗ്രാം വെളുത്തുള്ളിയും കൂട്ടി അരച്ച് അരിച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ സ്‌പ്രേ ചെയ്യുക.
6. പച്ചക്കറി വിത്തുകള്‍ വെളുത്ത വാവിനു രണ്ടു ദിവസം മുന്‍പ് നടുന്നത് തൈയ്ക്ക് ശക്തി കൂടാനും കീടരോഗങ്ങളില്ലാതെ വളരാനും സഹായിക്കും
7. മത്തന്‍ വള്ളി വീശി മുന്‍പോട്ടു പോകുമ്പോള്‍ മുട്ടിന് മുട്ടിന് അല്‍പ്പം പച്ചചാണകം വെച്ചു കൊടുക്കുന്നത് കായ് പിടുത്തം കൂടാന്‍ സഹായിക്കും.
8. ചീര പാകുമ്പോള്‍ പത്തിരട്ടി മണലുമായി ചേര്‍ത്തു വിതറിയാല്‍ ചീര അകലത്തില്‍ വളര്‍ന്നു വരും.
9. പച്ചക്കറി ചെടികളിലെ ചെറുപ്രാണുകളെ അകറ്റാന്‍ പുളിച്ച കഞ്ഞിവെള്ളം ആഴ്ചയില്‍ ഒരുദിവസം വെച്ച് ഇലകളുടെ രണ്ടു വശവും തളിച്ചു കൊടുക്കുക.
വിത്ത് പാകി വെള്ളമൊഴിക്കുന്നതോടെ നമ്മുടെ ജോലി തീരുന്നില്ല.നമ്മൾ വളർത്തുന്ന ചെടികളെ ഓരോ ദിവസവും നന്നായി നിരീക്ഷിക്കണം.മാത്രമല്ല, ഒരു ചെടി കുറച്ചു അടിവളമൊക്കെ ചേർത്ത് നട്ടു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞെന്നും കരുതരുത്. അതിന്റെ കുറവുകളും പോരായ്മകളും കണ്ടെത്തി കൂടുതൽ വളങ്ങളും മറ്റും ചേർത്ത് കൊടുത്ത് ആ കുറവുകൾ പരിഹരിക്കാം.അല്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കി പരിഹരിക്കുക.തുടക്കത്തിൽ തന്നെ ചെയുകയാണെങ്കിൽ ചെടികൾ നശിച്ചു പോകാതെ ഒരു പരിധി വരെ രക്ഷിച്ചെടുക്കാനും നല്ല വിളവ് കിട്ടാനും സാധിക്കും. ഒരു കുഞ്ഞിനെ വളർത്തുന്നതുപോലെ തന്നെയാണ് നമ്മുടെ ചെടികളെയും പരിപാലിക്കേണ്ടത്.
എല്ലുപൊടി ഒരു പ്രധാന വളമാണ്…
എങ്ങിനെ??
പ്രധാനമായും ഫോസ്ഫറസിനു വേണ്ടിയാണ് എല്ലുപൊടി കൃഷിയിടങ്ങളിൽ ചേർത്ത് കൊടുക്കുന്നത്. ഈ ഫോസ്ഫറസ് എന്താണ് മണ്ണിൽ ചെയുന്നത്??
1.വേരുകൾ പെട്ടെന്ന് വളരുന്നതിനും അങ്ങനെ ചെടികളുടെ വളർച്ചയിലും സഹായിക്കുന്നു.
.
2. കൂടാതെ എല്ലു പൊടി അടിവളമായി ഇട്ടുകൊടുക്കുന്നു.
3.ചെടികൾ പെട്ടന്ന് പുഷ്പിക്കുന്നതിനും കായ്കളുടെ വളർച്ച മെച്ചപെടുത്തുന്നതിനും ഈ ഫോസ്ഫറസ് ആവശ്യമാണ്
4.കൂടാതെ വിളകൾ പെട്ടെന്ന് മൂപ്പെത്തുന്നതിനും തണ്ടുകൾക്ക് ശക്തി നൽകുന്നതിനും ഈ മൂലകം ആവശ്യമാണ്.
5.അതുപോലെ ചെടികളുടെ ഊർജസംഭരണത്തെയും അതുമായി ബന്ധപെട്ടുള്ള പ്രക്രിയയിലും ഫോസ്ഫറസിന്റെ പങ്ക് ഒഴിച്ചു കൂടാൻ പറ്റാത്തതാണ്.
6. ഫോസ്ഫറസ് എന്ന മൂലകത്തിന്റ കുറവ് വരുമ്പോൾ ചെടികളിൽ അതു പ്രത്യക്ഷത്തിൽ കാണാനാവും. ഇലകൾക്ക് നീലകലർന്ന പച്ച നിറം വരുന്നതായി കാണാം മാത്രമല്ല വേരുകളുടെ വളർച്ച മുരടിച്ചു പോകുന്നു അങ്ങനെ കായ്കളുടെ വളർച്ചയും മോശമാവുന്നു.ഇങ്ങനെ കാണുമ്പോൾ 1 ടേബിൾ സ്പൂൺ അളവിൽ ഓരോ ചെടിക്കു ചുവട്ടിലും ഫോസ്ഫറസ് വിതറി കൊടുക്കാം.. നന്നായി നനക്കുകയും വേണം.നിങ്ങളുടെ അടുക്കളത്തോട്ടം ആകാശ തോട്ടമായി വളരുന്നത് പിന്നെ കാണാം.