കോയമ്പത്തൂർ: ആലാന്തുറൈ പൂലുവപെട്ടി പഞ്ചായത്ത് ഓഫിസില്‍ അതിക്രമിച്ചു കയറി പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ച ബി.എം.എസ് കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറി എം ഭാസ്കരനെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ജയിലിലടച്ചു. കോയമ്പത്തൂര്‍ പൂലുവപെട്ടി ടൗണ്‍ പഞ്ചായത്ത് ഓഫിസില്‍ ശനിയാഴ്ചയാണ് അറസ്റ്റിലേക്കു നയിച്ച സംഭവങ്ങളുണ്ടായത്.
പൂലുവപെട്ടി ടൗണ്‍ പഞ്ചായത്ത് ഓഫിസില്‍ ഭാസ്കരനും കുറച്ചാളുകളും എത്തി കയ്യിലുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ ചുമരില്‍ തൂക്കണമെന്നാവശ്യപ്പെടുകയായിരു ന്നു.എന്നാൽ കലക്ടറില്‍ നിന്ന് അനുമതിയില്ലാതെ നടക്കില്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.തുടർന്ന് പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്നതു പാക്കിസ്ഥാനിലാണോയെന്ന ആക്രോശവുമായി ഭാസ്കരനും സംഘവും ഫോട്ടോ ചുമരില്‍ തൂക്കുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറി രംഗസാമി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആലാന്തുറൈ പൊലീസാണ് ഭാസ്കരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.