കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ മത്സരിച്ച് തോറ്റ അരിതാ ബാബുവിനെ ജയിപ്പിച്ച് മനോരമ..! തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് 6298 വോട്ടിന് യു പ്രതിഭയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബു ജയിച്ചെന്ന് മനോരമ ഓൺലൈനിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്. യു പ്രതിഭതന്നെയാണ് ലിങ്ക് സഹിതം ഫെയ്‌സ്‌ബുക്കിൽ വാർത്ത പങ്കുവച്ചത്. ഭൂരിപക്ഷം എഴുതാനുള്ള സ്ഥലം ഒഴിച്ചിട്ട് ബാക്കി വാർത്ത മുഴുവനായി ചേർത്തിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്ന കണക്കുകൂട്ടലിൽ മനോരമ തയ്യാറാക്കിയ വാർത്തയിലെ ഭാവനകൾ ഇങ്ങനെ:
“തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മണ്ഡലത്തിൽ ഇടതുപക്ഷം തോൽവി മണത്തിരുന്നു. അനായാസം ജയിക്കാമായിരുന്ന മണ്ഡലത്തിൽ അനാവശ്യമായ പ്രവർത്തനങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തൽ ജില്ലാ നേതൃത്വത്തിനും ഉണ്ടായിരുന്നു.എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിൽ നിലനിന്ന പ്രശ്‌നങ്ങളും ഇതിനുകാരണമായി.
എൻഡിഎ സീറ്റിൽ ബിഡിജെഎസ് സ്ഥാനാർഥി എത്തിയതോടെ പരമ്പരാഗത ഈഴവ വോട്ടുകൾ ചാഞ്ചാടുമെന്ന ഭയം ഇരുമുന്നണികൾക്കും ഉണ്ടായിരുന്നു. മണ്ഡലത്തിലെ മുഴുവൻ ജില്ലാ – ബ്ലോക്ക് പഞ്ചാത്ത് ഡിവിഷനുകളും ഏഴ് പഞ്ചായത്തുകളും കയ്യിലിരിക്കെ മണ്ഡലത്തിലേറ്റ തോൽവി പ്രാദേശിക അസ്വാരസ്യങ്ങളിലേക്കുകൂടി വിരൽ ചൂണ്ടും”
വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ പിന്നീട് മനോരമതന്നെ പിൻവലിക്കുകയായിരുന്നു. സ്‌ക്രീൻഷോട്ടുകളും ആർക്കൈവ് ചെയ്‌തുവച്ച ലിങ്കുകളും ഇപ്പോഴും പ്രചരിക്കുകയാണ്.