കോട്ടയം: ഇന്നലെ മീനടം വലിയ പള്ളി പെരുന്നാളിന് കൊടിയേറിയ പുറകെ ളാകത്ത് ജയകൃഷ്ണൻ നായർ പള്ളിയിലെത്തി.പതിറ്റാണ്ടുകൾക് ക് മുമ്പ് പൂർവികർ നൽകിവന്നിരുന്ന വഴിപാട് പതിവ് തെറ്റാതെ നടത്താനായിരുന്നു ഇത്.ഇന്നലെ കൊടിയേറ്റ് ദിവസം തന്നെ പള്ളിയിലെത്തി കണ്ണൻ എന്നു വിളിക്കുന്ന ളാകത്ത് ജയകൃഷ്ണൻ നായർ വഴിപാട് നടത്തുകയും ചെയ്തു.
കൊല്ലവർഷം1065 മീനം 25നാണ് മീനടം സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സ്ഥാപിക്കപ്പെടുന്നത്. മീനടം ചിറയ്ക്കൽ കുടുംബത്തിലെ ഉദാരമനസ്കനായ ഹൈന്ദവ നാട്ടുപ്രമാണിയാണ് പള്ളി വയ്ക്കുന്നതിന് ആവശ്യമായ സ്ഥലം മീനടം കരയിൽ പുതുക്കാട്ടായ പൊങ്ങഴ പുരയിടത്തിൽനിന്ന് ഇഷ്ടദാനാധാരപ്രകാരം നൽകിയത്.പള്ളി പണിത ശേഷം എല്ലാവർഷവും പെരുന്നാളിന് ഈ കുടുംബം പള്ളിയിലെത്തി വഴിപാട് നടത്തിപ്പോന്നു.ആ കുടുംബത്തിന്റെ ഇന്നത്തെ പിൻതലമുറക്കാരനാണ് ളാകത്ത് ജയകൃഷ്ണൻ നായർ.