അവധിയെടുത്ത് നാട്ടിൽ പോയ മലയാളിക്ക് ജോലിയും വാസസ്ഥലവും പോയി, കൊടുംതണുപ്പിൽ അഭയമായത് നഗരത്തിലെ പാർക്ക്
സുധീഷ് അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായി കഴിഞ്ഞ ഒക്ടോബറിലാണ് ജോലിക്കു കയറിയത്. അതിനിടെ നാട്ടിലുണ്ടായ ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് 2 ദിവസം അവധി എടുത്തു. പക്ഷേ തിരികെ വന്നപ്പോൾ ജോലിയും ഇല്ല, താമസ സ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു
അബുദാബി: അവധി എടുത്തതിന്റെ പേരിൽ ജോലിയിൽനിന്നും താമസ സ്ഥലത്തുനിന്നും പുറത്താക്കിയ മലയാളി കൊടും തണുപ്പിൽ അഭയം തേടിയത് നഗരത്തിലെ പാർക്കിൽ. തിരുവനന്തപുരം വർക്കല ചെറുന്നിയൂർ താന്നിമൂട് സ്വദേശി സുധീഷ് ആണ് പെരുവഴിയിലായത്.
അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായി 2021 ഒക്ടോബറിലാണ് ജോലിക്കു കയറിയത്. അതിനിടെ നാട്ടിലുണ്ടായ ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് 2 ദിവസം അവധി എടുത്തു.
ഈ വിവരം ഫോർമാനോട് പറഞ്ഞിരുന്നതായി സുധീഷ് പറയുന്നു. എന്നാൽ തുടർച്ചയായി ജോലിക്കു വരാതിരുന്നതിനെ തുടർന്ന് ഇനി ജോലിക്കു വരേണ്ടെന്ന് അറിയിച്ചതായി കമ്പനി അധികൃതരും വ്യക്തമാക്കുന്നു.
താമസസ്ഥലത്തുനിന്നും ഇതേ തുടർന്ന് പുറത്തായി. പിന്നീട് പാർക്കിൽ അഭയം തേടുകയായിരുന്നു. നാട്ടിലേക്കു തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ 5000 ദിർഹം നൽകാൻ കമ്പനി ആവശ്യപ്പെട്ടതായും സുധീഷ് പറയുന്നു.
പിന്നീട് കമ്പനിയുടെ നിർദേശപ്രകാരം ഡമ്മി ടിക്കറ്റും പി.സി.ആർ ടെസ്റ്റും എടുത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ പൊലീസ് സ്റ്റേഷനിലും കോടതിയിലും പോയെങ്കിലും എമിറേറ്റ്സ് ഐ.ഡി പോലും ഇല്ലാത്തതിനാൽ പരാതി നൽകാനായില്ലെന്നും സുധീഷ് പറയുന്നു.