മധ്യപ്രദേശില്‍ ചത്തുപോയ കുരങ്ങന്റെ “സംസ്കാര ചടങ്ങിൽ’ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പങ്കെടുത്തതിൽ കേസെടുത്ത് പോലീസ്. രാജ്ഘഡ് ജില്ലയിലെ ദാല്‍പുര ഗ്രാമത്തിൽ നടന്ന ചടങ്ങളിൽ 1500 പേരാണ് പങ്കെടുത്തത്. ഇതില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 29നായിരുന്നു ഗ്രാമവാസികൾ സംസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ചത്തുപോയ കുരങ്ങൻ. അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം ഗ്രാമവാസികളില്‍ നിന്ന് പിരിവെടുത്ത് 1500ലധികം പേര്‍ക്ക് പ്രത്യേക വിരുന്നും സംഘാടകര്‍ ഒരുക്കി.
സംസ്കാരം നടക്കുന്ന ഇടത്തേക്ക് കുരങ്ങന്റെ ജഡവും വഹിച്ച് ആളുകള്‍ കൂട്ടത്തോടെ നടന്നുപോവുന്നതിന്റെയും ആളുകൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പോലീസ് നടപടി.
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് കൂട്ടംചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.