റബർ ഇറക്കുമതി കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ മാത്രമാക്കി പുതിയ നിയമം നടപ്പാക്കുന്നു. ഇറക്കുമതിയിൽ റബർ ബോർഡിന് ഒരു പങ്കുമില്ലാത്ത തരത്തിലാണു പുതിയ വ്യവസ്ഥകൾ.
റബർ ബോർഡിന്റെ ശിപാർശ ഇല്ലാതെ തന്നെ കേന്ദ്രസർക്കാരിനു റബറിനു കുറഞ്ഞതും കൂടിയതുമായ വില നിർണയിക്കാനും സാധിക്കും. റബർ കയറ്റുമതി, ഇറക്കുമതി കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരം പൂർണമായും കേന്ദ്രസർക്കാരിനു മാത്രമായിത്തീരും. സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ വിലയിലും താഴ്ത്തിയോ പരമാവധി വിലയിൽ കൂട്ടിയോ റബർ വാങ്ങുകയോ വിൽക്കുകയോ കരാറിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ, തടവും പിഴയും ഒരുമിച്ചോ ലഭിക്കാവുന്ന വ്യവസ്ഥയും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1947 ലെ റബർ ആക്ടും റദ്ദാക്കി റബർ (പ്രമോഷൻ ആൻഡ് ഡെവലപ്മെന്റ്) നിയമം എന്ന പേരിലാണ് പുതിയ വ്യവസ്ഥകൾ. ബില്ലിന്റെ കരട് രൂപം കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കരടു ബില്ലിന്മേൽ പൊതുജനങ്ങൾക്ക് ജനുവരി 21 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ഇതോടൊപ്പം തന്നെ 1953ലെ ടീ ആക്ടും റദ്ദാക്കി ടീ (പ്രമോഷൻ ആൻഡ് ഡെവലപ്മെന്റ്) ബില്ലിന്റെ കരടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.