വിവാഹവീരനായ അഭിഭാഷകൻ, മൂന്ന് യുവതികളെ വിവാഹം ചെയ്ത ഇയാൾക്കെതിരെ ഭാര്യമാരുടെ പരാതികൾ; ഒടുവിൽ പൊലീസിന് പിടികൊടുക്കാതെ ഇയാൾ ഒളിവിൽ പോയി
സുനില്‍കുമാര്‍ ഒന്നര വര്‍ഷത്തിനുള്ളിലാണ് മൂന്ന് യുവതികളെ വിവാഹം ചെയ്തത്. പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വിവാഹങ്ങൾ. ആദ്യഭാര്യയെ പീഡിപ്പിച്ച കേസില്‍ റിമാൻ്റിലായി. പിന്നീട് ജാമ്യം കിട്ടിയ സുനില്‍കുമാറിനെതിരെ മറ്റ് രണ്ടുഭാര്യമാരും പരാതി നല്കി. ഒടുവിൽ പൊലീസിന് പിടികൊടുക്കാതെ അഭിഭാഷകന് മുങ്ങി
മൈസൂരു: മൂന്ന് യുവതികളെ വിവാഹം ചെയ്ത മൈസൂരിലെ അഭിഭാഷകനെതിരെ ഭാര്യമാരുടെ പരാതിപ്രകാരം മൂന്ന് പീഡനക്കേസുകള്‍.
മൈസൂരു ജില്ലയിലെ കെ.ആര് നഗരചന്ദഗലുവിലെ സി.വി സുനില്‍ കുമാറാണ് മൂന്ന് യുവതികളെ വിവാഹം ചെയ്ത് പൊല്ലാപ്പിലായത്.
ആദ്യഭാര്യയെ പീഡിപ്പിച്ച കേസില്‍ റിമാണ്ടിലായി. പിന്നീട് ജാമ്യം കിട്ടിയ സുനില്‍കുമാറിനെതിരെ മറ്റ് രണ്ടുഭാര്യമാരും പൊലീസില്‍ പരാതി നല്കി. ഈ രണ്ട് കേസുകളില്‍ പൊലീസിന് പിടികൊടുക്കാതെ അഭിഭാഷകന് ഒളിവില്‍ പോയിരിക്കുകയാണ്.
ഒന്നര വര്‍ഷത്തിനുള്ളിലാണ് മൂന്ന് യുവതികളെ സുനില്‍കുമാര്‍ വിവാഹം ചെയ്തത്. പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുനില്‍കുമാര്‍ മൂന്ന് യുവതികളെ വിവാഹം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ശിവമോഗയിലെ ഒരു യുവതിയുമായി മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട സുനില്‍ ഈ യുവതിയെ വ്യാജവിവാഹസര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ഒപ്പം താമസിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇയാള്‍ 2020 ജൂണ്‍ 18ന് ലളിതമായ ചടങ്ങില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് ശേഷം ശിവമോഗ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കുകയും രണ്ടാം വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്തു. ഇതോടെ യുവതി 2020 നവംബര്‍ 10ന് കെ.ആര് നഗര്‍ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്കി. കേസെടുത്ത പൊലീസ് സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. റിമാണ്ടിലായ പ്രതി കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ സുനില്‍കുമാര്‍ ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കെ 2021 ജൂലൈയില്‍ കെആര്‍ നഗറിലെ പ്രശസ്തമായ ക്ഷേത്രത്തില്‍ വച്ച് മൈസൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചു. ഈ യുവതി വീട് വൃത്തിയാക്കുന്നതിനിടെ സുനിലിന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. യുവതി ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കേസിന്റെ നടത്തിപ്പിനായി ആറുലക്ഷം രൂപ വേണമെന്നും സുനില്‍കുമാര്‍ രണ്ടാം ഭാര്യയോട് ആവശ്യപ്പെട്ടു. സുനില്‍കുമാറിന് മൈസൂര്‍ സ്വദേശിനി രണ്ട് ലക്ഷം രൂപ നല്‍കുകയും ഇനി തന്റെ കൈയില്‍ പണമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ സുനില്‍കുമാര്‍ കൂടുതല്‍ പണമാവശ്യപ്പെട്ട് മൈസൂര്‍ യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഇതോടെ യുവതി തന്റെ വീട്ടിലേക്ക് പോയി. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സുനില്‍കുമാര്‍ ബംഗളുരു സ്വദേശിനിയായ യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും 2021 ഡിസംബര്‍ 2 ന് ഈ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ബംഗളൂരു യുവതിയുടെ എ.ടി.എം കാര്‍ഡ് കൈക്കലാക്കിയ സുനില്‍കുമാര്‍ നല്ലൊരു തുക പിന്‍വലിച്ചതോടെ ഈ ബന്ധത്തിലും വിള്ളല്‍ വീണു. ബംഗളൂരു സ്വദേശിനി അഭിഭാഷകനെതിരെ പൊലീസില്‍ പരാതി നല്കി. ഈ വിവരമറിഞ്ഞ മൈസൂര്‍ സ്വദേശിനിയും സുനില്‍കുമാറിനെതിരെ പരാതി നല്കി. ആദ്യത്തെ കേസിന് പുറമെ രണ്ട് കേസുകളില്‍ കൂടി കുടുങ്ങിയതോടെ സുനില്‍ ഒളിവില്‍ പോകുകയായിരുന്നു.