KeralaNEWS

പാലക്കാട്:കരിമ്പനകളുടെ നാട്ടിലെ കാഴ്ചകൾ

ളരെ മനോഹരമായ ഗ്രാമക്കാഴ്ചകൾ കൊണ്ട് ഇന്നും സമ്പന്നമായ ഒരു സ്ഥലമാണ് പാലക്കാട്.അധികം നഗരവൽകരണം കടന്നുവരാത്ത, പാലക്കാടിന്റെ ഈ  ഗ്രാമീണത തന്നെയാണ് എന്നും ഇവിടുത്തെ ആകർഷണം.എങ്കിലും പാലക്കാട്ടെ പ്രധാന ആകർഷണങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
1) മലമ്പുഴ അണക്കെട്ട് : പാലക്കാട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് മലമ്പുഴ അണക്കെട്ട്. പണ്ടൊക്കെ മധ്യകേരളത്തിൽ നിന്നും മറ്റും ഊട്ടിയിലേക്ക്  ടൂർ പോകുന്നവരുടെ ഒരു ഇടത്താവളം കൂടിയായിരുന്നു മലമ്പുഴ. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ രസിക്കുവാൻ പറ്റിയൊരു അന്തരീക്ഷമാണ് മലമ്പുഴയിലുള്ളത്.
1955 ലാണ് മലമ്പുഴ ഡാം നിർമ്മിച്ചത്. ഇവിടെ അണക്കെട്ടു കൂടാതെ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, ഫിഷ് അക്വേറിയം തുടങ്ങിയവയുമുണ്ട്. കേരളത്തിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്കായ ഫാന്റസി പാർക്കും ഇവിടെ അടുത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ തീർത്ത ‘മലമ്പുഴ യക്ഷി’ എന്ന വലിയ ശിൽപ്പം ലോകപ്രശസ്തമാണ്.
2) ധോണി : പാലക്കാട് ടൗണിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാറിയാണ് ധോണി എന്ന മനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്.അടിവാരത്തു നിന്നും മൂന്നു കിലോമീറ്ററോളം മുകളിലേക്ക് നടന്നു കയറിയാൽ മാത്രമേ വെള്ളച്ചാട്ടത്തിനടുത്ത് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.
3) നെല്ലിയാമ്പതി : പാലക്കാട് ജില്ലയിൽ തന്നെ ഏറെ വ്യത്യസ്തമായ  കാലാവസ്ഥയും ഭൂപ്രകൃതിയും ഉള്ള   സ്ഥലമാണ് നെല്ലിയാമ്പതി. ഊട്ടിയും മൂന്നാറും പോലെ തന്നെ നല്ല തണുപ്പുള്ള പ്രദേശമാണ് ഇത്.അതിനാൽതന്നെ നെല്ലിയാമ്പതിയുടെ ചെല്ലപ്പേര് ‘പാവങ്ങളുടെ ഊട്ടി’ എന്നാണ്. പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 60 കി.മീ. ദൂരത്താണ് നെല്ലിയാമ്പതി എന്ന  മനോഹരമായ ഈ ഹിൽ സ്റ്റേഷൻ. ആദിവാസികളുടെ ആരാധനാ മൂർത്തിയായ ‘നെല്ലി ദേവതയുടെ ഊര്‌’ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം.  പത്തോളം ഹെയർപിൻ വളവുകൾ താണ്ടിയാണ് നെല്ലിയാമ്പതിയിൽ എത്തിച്ചേരുന്നത്. പോകുന്ന വഴിയിൽ പലയിടത്തും താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുണ്ട്.
4) പറമ്പിക്കുളം : കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം.സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും ഇവിടേക്ക് പോകണമെങ്കിൽ തമിഴ്‌നാട്ടിൽക്കൂടി പോകേണ്ടി വരും.പാലക്കാട് നിന്നും 90 കിലോമീറ്റർ ദൂരെയാണ് പറമ്പിക്കുളം. സിംഹവാലന്‍ കുരങ്ങ്, കടുവ, വരയാട്, പുള്ളിമാന്‍, ആന, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഇവിടെ കാണുവാൻ സാധിക്കും.ഇവിടെ വരുന്ന സഞ്ചാരികൾക്ക് റിസർവ്വോയറിൽ ബോട്ട് യാത്ര നടത്തുവാനുള്ള സൗകര്യങ്ങളും ലഭ്യമാണ്.
5) പോത്തുണ്ടി ഡാം:
 നെന്മാറ – നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ മണ്ണു
 കൊണ്ടുള്ള അണക്കെട്ടാണ് പ്രധാന ആകർഷണം.ഇവിടെ ബോട്ടിങ്ങിനും സൗകര്യമുണ്ട്.
6) സൈലന്റ് വാലി:
പാലക്കാട് ജില്ലയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി.സാധാരണ വനങ്ങളെപ്പോലെ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദങ്ങൾ പോലും  ഇവിടെ ഇല്ലാത്തതു കൊണ്ടാണ്‌  സൈലന്റ്‌വാലി(നിശ്ശബ്ദതാഴ്‌വര) എന്ന് ഈ സ്ഥലം അറിയപ്പെടുന്നത്‌. വനംവകുപ്പിന്റെ ‌മുന്‍കൂട്ടിയുള്ള അനുമതിയോടെ മാ‌ത്രമെ സൈലന്റ് വാലിയില്‍ സന്ദർശനം നടത്താൻ പാടുള്ളൂ.
7)പാലക്കാട് കോട്ട:
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട). മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട ഇന്ന് പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്.
8)അനങ്ങൻ മല:
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനും ചെർപ്പുളശ്ശേരിയ്ക്കും ഇടയിലായി അങ്ങനടി എന്ന ഗ്രാമമുണ്ട്. ഈ ഗ്രാമത്തിന്റെ ഒരു ഭാഗമാണ് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന അനങ്ങൻ മല.നിരവധി സിനിമകളുടെ ഷൂട്ടിംഗ് സ്ഥലം കൂടിയാണ് ഇത്.  അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങി ധാരാളം സിനിമകൾ ഇവിടെ ചിത്രീകരീച്ചിട്ടുണ്ട്.
 ഹിമാലയത്തില്‍ നിന്ന് ഔഷധച്ചെടികള്‍ നിറഞ്ഞ മരുത്വാമല പറിച്ചെടുത്ത് ലങ്കയിലേക്ക് പോകുകയായിരുന്ന ഹനുമാന്റെ കയ്യില്‍ നിന്ന് അടര്‍ന്നു വീണ ഒരു തുണ്ട് മലയാണ് പിന്നീട് അനങ്ങന്‍മലയായി പരിണമിച്ചത് എന്നാണ് ഐതിഹ്യം.
9)മീൻവല്ലം വെള്ളച്ചാട്ടം :
പാലക്കാടു നിന്നു് 22 കിലോമീറ്റർ അകലെ കരിമ്പ ഗ്രാമപഞ്ചായത്തിലാണ് മീൻവല്ലം വെള്ളച്ചാട്ടം.നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ് മീൻവല്ലം വെള്ളച്ചാട്ടം.
10)കാഞ്ഞിരപ്പുഴ ഡാം:
പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ കാഞ്ഞിരപ്പുഴ ഡാം . പാലക്കാട്ട് നിന്നും തച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരത്തായാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഒരു പാർക്കും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്.
അട്ടപ്പാടി
ആനക്കട്ടി
മംഗലം ഡാം
കാൽപ്പാത്തി
വരിക്കാശ്ശേരി മന… തീരുന്നില്ല പാലക്കാടൻ കാഴ്ചകൾ.ഒറ്റയ്ക്കൊറ്റയ്ക്ക് ഉയർന്നു നിൽക്കുന്ന കരിമ്പന പോലെ ഒറ്റ നോട്ടത്തിൽ പാലക്കാടിനെ അടയാളപ്പെടുത്തുന്ന ധാരാളം കാഴ്ചകൾ ഇനിയും ബാക്കിയാണ് ഇവിടെ.

Back to top button
error: