KeralaNEWS

ആദായം മാത്രമല്ല ആരോഗ്യവുമാണ് പയർ; പയർ കൃഷിയെപ്പറ്റി അറിയേണ്ടതെല്ലാം

വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ പയറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്
ണ്ണിനും മനുഷ്യനും ഒരുപോലെ പ്രയോജനം ചെയ്യുന്ന വിളയാണ് പയർ.അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് മണ്ണിലെത്തിക്കുന്നതിന് പയര്‍വര്‍ഗ വിളകളുടെ വേരുകള്‍ക്ക് പ്രത്യേക കഴിവുണ്ട്.അതുകൊണ്ടു തന്നെയാണ് മറ്റ് കൃഷികൾക്കൊപ്പം പയർ ഇടവിളയായി കൃഷി ചെയ്യണമെന്ന് പറയുന്നതും.
പച്ചക്കറി വിളകളില്‍ പ്രോട്ടീന്റെ ഉറവിടമാണ് പയര്‍.കേരളത്തിലെ കാലാവസ്ഥയില്‍ എപ്പോഴും കൃഷി ചെയ്യാന്‍ പറ്റിയ വിള. നല്ലതുപോലെ കട്ടകള്‍ ഉടച്ച് സെന്റൊന്നിന് ഒരു കിലോഗ്രാം കുമ്മായമോ രണ്ടുകിലോഗ്രാം ഡോളമൈറ്റോ ചേര്‍ത്ത് മണ്ണ് പരുവപ്പെടുത്തണം.ജൈവരീതിയില്‍ കൃഷി ചെയ്യുമ്പോള്‍ അഞ്ചുകിലോ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ഠവും കാല്‍ കിലോഗ്രാം രാജ്‌ഫോസും അടിവളമായി നല്‍കാം.മണ്ണ് നന്നായി നനച്ചതിനുശേഷം വളം ചെയ്യുന്നതാണ് നല്ലത്.
പയര്‍വിത്ത് വിതയ്ക്കുന്നതിന് മുമ്പ് റൈസോബിയം കള്‍ച്ചറിലോ സ്യൂഡോമോണസ് കലക്കിയ വെള്ളത്തിലോ ഒരുമണിക്കൂർ മുക്കിവെക്കണം.കീടങ്ങളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിത്. രണ്ടാഴ്ചയിലൊരിക്കല്‍ ചാണകം ചേര്‍ത്ത് മണ്ണിളക്കി കൊടുക്കുന്നതോടൊപ്പം തന്നെ ഇലകളില്‍ പഞ്ചഗവ്യവും തളിക്കുന്നത് വിളവ് വര്‍ധിപ്പിക്കും.
അതേപോലെ പയര്‍ കൃഷിയിലെ ടോണിക്കാണ് മത്സ്യാമൃതം.ഇതിനായി അരകിലോഗ്രാം മത്തി ചെറുതായി നുറുക്കി, അരകിലോഗ്രാം കറുത്ത ശര്‍ക്കരയുമായി ചേര്‍ത്ത് കാറ്റ് കടക്കാത്തവിധം കുപ്പിയില്‍ മൂടിവെക്കണം.ഒരു മാസത്തിനുള്ളില്‍ മത്സ്യാമൃതം തയ്യാറാകും.ഒരു മില്ലി മത്സ്യാമൃതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഓരോ ആഴ്ചയും പയറില്‍ തളിച്ചു കൊടുക്കാം. വളര്‍ച്ച കൂടുതലുള്ള സമയത്ത് വള്ളികളുടെ തല നുള്ളിക്കളയുന്നത് വിളവ് വര്‍ധിപ്പിക്കും.വെള്ളത്തിന്റെ സ്ഥിരലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം ജലസേചനം അധികമാകാതിരിക്കാനും ശ്രദ്ധിക്കണം.
കുറ്റിപ്പയറിനമായ ‘ഭാഗ്യലക്ഷ്മി’ പന്തലിടാന്‍ സൗകര്യക്കുറവുള്ളവര്‍ക്ക് അനുഗ്രഹമാണ്. കുറച്ച് പടരുന്ന സ്വഭാവമുള്ള ഇനങ്ങളാണ് വരുണും അനശ്വരയും കൈരളിയും. ചുവന്ന ചുണ്ടോടുകൂടിയ ലോലയാണ് വള്ളിപ്പയറിലെ താരം. മഴക്കാലത്ത് മികച്ച ഉത്പാദനം നല്‍കുന്നത് ചുവന്ന സുന്ദരിയായ വൈജയന്തിയാണ്.
പയറിലെ പ്രധാന പ്രശ്‌നങ്ങളാണ് വള്ളിപ്പഴുപ്പും വള്ളി ഉണക്കവും കരിവള്ളിയും 20 ഗ്രാം സ്യൂഡോ മോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി രണ്ടാഴ്ചയിലൊരിക്കല്‍ ചെടിച്ചുവട്ടില്‍ ഒഴിച്ച് നനയ്ക്കുകയും ഇലകളിലും തണ്ടിലും തളിക്കുന്നതും ഒന്നാന്തരം പ്രതിരോധ മാര്‍ഗമാണ്. നീരൂറ്റി കുടിക്കുന്ന കറുത്ത മുഞ്ഞയില്‍ നിന്ന് പയറിനെ രക്ഷിക്കാന്‍ മിത്രകീടമായ ചുവന്ന ഉറുമ്പുകളെ യോദ്ധാക്കളാക്കാം. ഇലയില്‍ ചിത്രം വരച്ച് രസിക്കുന്ന ചിത്രകീടത്തിന്റെ ആക്രമണത്തില്‍ നിന്ന് പയറിനെ രക്ഷിക്കാനായി വേപ്പെണ്ണ രണ്ടര ശതമാനം വീര്യത്തില്‍ പ്രയോഗിക്കണം.
അടുക്കളത്തോട്ടത്തിൽ അനായാസം നട്ടുവളർത്താവുന്ന  ഒന്നാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും കേരളത്തിൻ്റെ  വിവിധ ഭാഗങ്ങളില്‍ പയർ  അറിയപ്പെടുന്നു.പയർ കൊണ്ട് തോരനും മെഴുക്കുപുരട്ടിയും തുടങ്ങിയ രുചികരമായ ഭക്ഷണം ഉണ്ടാക്കാം. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്.വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ പയറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിലെ കാന്‍സറിനെ പ്രതിരോധിക്കുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും പയര്‍ സഹായിക്കും.

Back to top button
error: