കൊച്ചി: ആരൊക്കെ എതിർത്താലും സിൽവർ ലൈൻ പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻപദ്ധതി നാടിന് ആവശ്യമാണ്. വികസനത്തിൽ താൽപര്യമുള്ള എല്ലാവരും സഹകരിക്കണം. ഇപ്പോൾ നടന്നില്ലെങ്കിൽ എപ്പോൾ എന്ന് കൂടി നാം ആലോചിക്കണം. പദ്ധതിയെ എതിർക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന നീതികേടാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.
കേരളത്തിൽ ഇനി വികനത്തിന്റെ കുതിച്ചു കയറ്റമാണ് ഉണ്ടാകാൻ പോകുന്നത്. സിൽവർ ലൈൻ പരിസ്ഥിതി സൗഹൃദമായാണ് തയാറാക്കുക. പരിസ്ഥിതിക്ക് ഒരു ദോഷവും വരില്ല, മറിച്ച് ഗുണമാണ് ഉണ്ടാകുക. നെൽകൃഷി തടസപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് എന്നും വികസനത്തിന് എതിരാണ്. ഏതാനും ചിലർ എതിർത്തപ്പോൾ ദേശീയപാത വികസനം യുഡിഎഫ് ഉപേക്ഷിച്ചു. പിന്നെ എന്തുണ്ടായി? ഇടതുസർക്കാർ വന്നാണ് ജനങ്ങളെ മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ എംഎൽഎമാരുമായി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.