KeralaLead NewsNEWS

ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ആചാരങ്ങള്‍ പാലിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. തിരുവാഭരണ ഘോഷായാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ജനുവരി 12ന് ഉച്ചക്ക് ഒന്നിന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ മുഖേനയും, സ്‌പോട്ട് ബുക്കിംഗ് മുഖേനം ശബരിമല ദര്‍ശനത്തിന് സൗകര്യമുണ്ട്. തിരുവാഭരണം വഹിക്കുന്നവര്‍ക്കും ഇവരുടെ കൂടെ എത്തുന്നവര്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേവസ്വം ബോര്‍ഡ് കുടിവെള്ള വിതരണം, ലഘു ഭക്ഷണം, താമസ സൗകര്യം ഉള്‍പ്പെടെ അവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. തിരുവാഭരണ ഘോഷായാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രത്യേക പാസ് നല്‍കും. പുല്ല്‌മേട് പാത യാത്രാ യോഗ്യമാക്കാന്‍ വനം വകുപ്പിനോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സേവനം ഉറപ്പാക്കേണ്ടതുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപരമായും, തിരുവാഭരണ ഘോഷയാത്രയുടെ പ്രൗഢി നിലനിര്‍ത്തിയും വേണ്ട ഒരുക്കങ്ങള്‍ നടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Signature-ad

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. തിരുവാഭരണ പാതയിലെ കാട് വെട്ടിതെളിക്കല്‍ ഉടന്‍ പൂര്‍ത്തിയാകും. തിരുവാഭരണ പാതയിലെ ഓരോ കേന്ദ്രങ്ങളിലെയും ക്രമീകരണങ്ങള്‍ ബന്ധപ്പെട്ടവര്‍ മുന്‍കൂട്ടി ഉറപ്പാക്കണം. വഴിവിളക്കുകള്‍, കുടിവെള്ള വിതരണം, സുരക്ഷാ ക്രമീകരണം, പാര്‍ക്കിംഗ്, മകരജ്യോതി ദര്‍ശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ സമയബന്ധിതമായി ഉറപ്പാക്കണം. തിരുവാഭരണ പാത കടന്നുപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതര്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം. മകരവിളക്കിനോട് അനുബന്ധിച്ച് അവശ്യമായ ജീവനക്കാരെ വിവിധ വകുപ്പുകള്‍ സേവനത്തിന് ഒരുക്കിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പ്രശംസനീയമാണെന്നും ആചാരം സംരക്ഷിച്ച് അവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും പന്തളം രാജകൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു.

Back to top button
error: