MovieNEWS

‘നാരദന്‍’ കൊളുത്തിവിടാന്‍ പോകുന്ന വിവാദങ്ങള്‍ എന്തൊക്കെയാവും?

ഇന്നലെയാണ് നാരദന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മണിക്കൂറുകള്‍ക്കിപ്പുറം ട്രെയിലറിനെ ഏകമനസ്സോടെ ജനം സ്വീകരിച്ചുകഴിഞ്ഞു. നാരദനോടുള്ള പ്രേക്ഷകപ്രതീക്ഷ എത്രയാണെന്ന് അത് പറയാതെ പറയുന്നുണ്ട്.
ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ചാണെങ്കില്‍ വിഷ്വല്‍മീഡിയയും പൊളിറ്റിക്‌സും ഈ സിനിമയ്ക്ക് വിഷയമാകുന്നുണ്ടെന്ന് വേണം കരുതാന്‍. ചില മാധ്യമ സ്ഥാപനങ്ങളിലെ അവതാരകരെ രൂപംകൊണ്ടും പ്രസന്റേഷന്‍കൊണ്ടും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഇതിലെ കഥാപാത്രങ്ങളിലേറെയും. ടൊവിനോ തോമസിന്റെ ചന്ദ്രപ്രകാശ് പ്രത്യേകിച്ചും. വിഷ്വല്‍ മീഡിയകള്‍ക്കിടയിലെ കിടമത്സരങ്ങളും അതിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങള്‍ കൂടിയാകുമ്പോള്‍ നാരദന്‍ കത്തുമെന്ന് ഉറപ്പാണ്.

Signature-ad

എന്തുകൊണ്ട് അങ്ങനെയൊരു മുന്‍വിധിയിലേയ്ക്ക് പോകുന്നുവെന്ന് ചോദിച്ചാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ പത്രം എന്ന സിനിമയും അതുണ്ടാക്കിയ വിവാദങ്ങളുമാണെന്ന് തുറന്നുപറയേണ്ടിവരും. കേരളത്തിലെ പ്രശസ്തമായൊരു മാധ്യമസ്ഥാപനത്തെ മോശപ്പെടുത്തുന്ന രീതിയില്‍ ‘പത്ര’ത്തിന്റെ തിരക്കഥയും ദൃശ്യഭാഷയും രൂപപ്പെട്ടപ്പോള്‍ അന്ന് കേരളത്തിലെ മാധ്യമങ്ങള്‍ ഒന്നടങ്കം ആ സിനിമയെ ബഹിഷ്‌കരിച്ചിരുന്നു. അത്തരം ദുര്‍വിധികള്‍ നാരദനെ കാത്തിരിക്കുന്നില്ലെങ്കിലും അതില്‍ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങളുടെ പേരില്‍ വിവാദങ്ങള്‍ കത്തിപ്പടരാന്‍ ഇടയുണ്ടെന്ന് അനുമാനിക്കേണ്ടിവരും.

അത് മുന്നില്‍ കണ്ടുകൊണ്ടാവണം ജനുവരി 27 ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിനും ഏഴ് ദിവസം മുമ്പ് മുംബയില്‍വച്ച് ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെയെല്ലാം വിളിച്ചുകൂട്ടി ഒരു പ്രീമിയര്‍ഷോ വയ്ക്കാനുള്ള തീരുമാനവും നാരദന്റെ അണിയറപ്രവര്‍ത്തകര്‍ കൈക്കൊണ്ടത്.
പക്ഷേ ഇതൊന്നും ഒരു ചലച്ചിത്രസൃഷ്ടിയെന്ന നിലയില്‍ നാരദനെ പിന്നോട്ട് വലിക്കുന്ന കാര്യങ്ങളല്ല. നാരദന്റെ നിര്‍മ്മിതിതന്നെ അതിന് പ്രകടമായ ഉദാഹരണവുമാണ്.

 

Back to top button
error: