തീറ്റപ്പുല്ല് കൃഷി ചെയ്യുന്ന നിരവധിപേർ കൂടുതൽ വളർച്ചയ്ക്ക് എൻ പി കെ വളങ്ങൾ നൽകാറുണ്ട്. ഇതിൽ ഏറ്റവും അപകടകാരിയാണ് യൂറിയ. യൂറിയ അമിതമായി കന്നുകാലികളുടെ ആമാശയത്തിൽ എത്തിയാൽ മരണം വരെ സംഭവിക്കുന്നു. ഇതുപോലെതന്നെ പോഷകമൂല്യം കുറഞ്ഞ വൈക്കോലിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുവാൻ നാല് ശതമാനം വീര്യമുള്ള യൂറിയ ലായനി പലരും തളിക്കാറുണ്ട്.ഇതും അപകടമാണ്.
യൂറിയ പരിധിയിലധികം ഉള്ളിൽ ചെന്നാൽ നാലു മണിക്കൂറിനകം കന്നുകാലികളുടെ മരണം സംഭവിക്കുന്നു. പല്ലു കടിക്കുക, പതഞ്ഞ ഉമിനീർ,വയറുവേദന, കൂടെ കൂടെയുള്ള മൂത്രവിസർജ്ജനം തുടങ്ങിയവയാണ് പ്രഥമ ലക്ഷണങ്ങൾ.ചത്തു കിടക്കുന്ന മൃഗത്തിൻറെ മൂക്കിൽ നിന്നും വായയിൽ നിന്നും ദ്രാവകം ഒഴുക്കി വരുന്നതും കാണാം.
ഇങ്ങനെ സംഭവിക്കുന്ന പക്ഷം സാധാരണ ധാരാളം ശുദ്ധജലം നൽകുകയാണ് പതിവ്. അല്ലെങ്കിൽ ഒരു റബ്ബർ കുഴൽ വായയിലൂടെ ആമാശയത്തിൽ എത്തിച്ച് ഗ്യാസ് മുഴുവനും ചോർത്തി കളയുക.അതിനുശേഷം 2-6 ലിറ്റർ 5 ശതമാനം വീര്യമുള്ള അസറ്റിക് ആസിഡ് കുടിപ്പിക്കുക.പക്ഷെ ഇതെല്ലാം ഒരു മൃഗ ഡോക്ടറുടെ സാന്നിധ്യത്തിൽ ചെയ്യേണ്ടതാണ്.ഡോക്ടർ എത്തുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാവുമെന്നതിനാൽ ഇവിടെ പലപ്പോഴും കാലികൾ മരണപ്പെടാറാണ് പതിവ്.