എൽഡിഎഫ് എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിർക്കുന്ന യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ പ്രതിപക്ഷ രാഷ്‌ട്രീയമാണെന്ന് ശശി തരൂർ എം പി. സിൽവർലൈൻ പദ്ധതിയെയും മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന നയത്തെയും പിന്തുണച്ചതിന് കോൺഗ്രസ് മുഖപത്രം തരൂരിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തരൂർ വിഡ്ഢിവേഷം കെട്ടുകയാണെന്നാണ് പത്രം പറഞ്ഞത്. ഇതിനു പിന്നാലെയാണ സ്വന്തം നിലപാട് വ്യക്തമാക്കി തരൂർ രംഗത്തെത്തിയത്.
“നമ്മുടെ രാഷ്ട്രീയം പുലർത്തുന്ന ഈ കാഴ്ചപ്പാടിനെ മാധ്യമങ്ങൾകൂടി ഊട്ടിയുറപ്പിക്കുന്നത് അതിനെ കൂടുതൽ ദുഷിപ്പിക്കുന്നു. ഒരു ഭാഗം ചെയ്യുന്നതെല്ലാം യാന്ത്രികമായി മറുഭാഗത്തിന് ദോഷവും അംഗീകരിക്കാനാകാത്തതുമാകുന്ന തരത്തിലേക്ക് ഇത് ജനാധിപത്യത്തെ തരംതാഴ്ത്തുന്നു.
യു.പി.എ സർക്കാരാണ് നടപ്പാക്കിയതെന്നതുകൊണ്ട് തങ്ങൾതന്നെ പിന്തുണച്ചിട്ടുള്ള പല പദ്ധതികളെയും ബി.ജെ.പി. പിന്നീട് എതിർത്തു. എൽ.ഡി.എഫ്. എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിർക്കുന്ന യു.ഡി.എഫും ഇതു തന്നെയാണ് ചെയ്യുന്നത്. വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയമെന്തെന്ന് ഇത് വ്യക്തമാക്കുന്നു.”
മറുഭാഗത്തുള്ളവർ ശരിയായ കാര്യമാണ് പറയുന്നതെങ്കിൽ അതിനെ അംഗീകരിച്ചുകൊണ്ട് നമ്മുടെ നിലവാരമുയർത്താനും അവരുടെ തുടർന്നുള്ള നടപടികൾ വിലയിരുത്താനും നമുക്ക് ആകാത്തതെന്തുകൊണ്ടാണെന്ന് തരൂർ ചോദിക്കുന്നു.
തരൂരിന്റെ ലേഖനത്തിന്റെ പ്രസക്‌തഭാഗം ചുവടെ:
തിരുവനന്തപുരം-കാസർകോട് സെമി ഹൈ-സ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതിയുമായും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് തോന്നിയതിനാലാണ് കത്തിൽ (അതിന്റെ ഉള്ളടക്കം എന്താണെന്ന് എന്നെ കാണിച്ചിട്ടുമുണ്ടായിരുന്നില്ല) ഒപ്പുവെക്കാതിരുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ച് നിർണായകമായ പദ്ധതിയെക്കുറിച്ച് നന്നായി പഠിച്ചാൽ മാത്രമേ അക്കാര്യത്തിൽ വ്യക്തമായ നിലപാടെടുക്കാനാകൂ. ഒരു കാര്യം വ്യക്തമായി പറയാനാഗ്രഹിക്കുന്നു, നിവേദനത്തിൽ ഒപ്പിട്ടില്ല എന്നതിനർഥം ഞാൻ ആ പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്നല്ല. മറിച്ച് നിലപാട് പരസ്യമാക്കുന്നതിനുമുമ്പ് അതേക്കുറിച്ച് കൂടുതൽ പഠിക്കാൻ സമയമാവശ്യപ്പെടുന്നു എന്ന് മാത്രമാണ്.
രാഷ്ട്രീയത്തിൽ ഭിന്നതകളുണ്ടെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാനും വിഷയങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തിൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും നമ്മുടെ രാഷ്ട്രീയം അനുവദിക്കാത്തത് എന്തുകൊണ്ടാണ്? മറുഭാഗത്തുള്ളവർ ശരിയായ കാര്യമാണ് പറയുന്നതെങ്കിൽ അതിനെ അംഗീകരിച്ചുകൊണ്ട് നമ്മുടെ നിലവാരമുയർത്താനും അവരുടെ തുടർന്നുള്ള നടപടികൾ വിലയിരുത്താനും നമുക്ക് ആകാത്തതെന്തുകൊണ്ടാണ്? മറുപക്ഷത്തുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ ആശയപരമായി കാണാനും കേൾക്കാനും നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
ഇത് ന്യായമായ സംവാദത്തിന്റെ സാധ്യതയെപ്പോലും ഇല്ലാതാക്കുകയും തങ്ങളെപ്പോലെത്തന്നെ ചിന്തിക്കുന്നയാളുകളായി രാഷ്ട്രീയക്കാരെ കാണുന്നതിൽനിന്ന് പൊതുജനങ്ങളെ അകറ്റുകയും ചെയ്യുന്നു. പകരം പാർട്ടിയുടെ അംഗീകാരത്താൽമാത്രം നിർവചിക്കപ്പെടുന്ന സ്ഥായീരൂപത്തിലേക്ക് എല്ലാവരും തരംതാഴ്ത്തപ്പെടുന്നു. ആളുകൾ സ്വതന്ത്രമായി ചിന്തിക്കുന്നത് തടയാൻ ‘പാർട്ടി അച്ചടക്കം’ പ്രയോഗിക്കുന്നു.
സർക്കാർ പ്രതിനിധികളും കെ-റെയിലിന്റെ സാങ്കേതിക-ഭരണ മേധാവികളും പ്രാദേശിക ജനപ്രതിനിധികളും ഉൾപ്പെടുന്ന ഒരു ഫോറം രൂപവത്കരിച്ച് അതിൽ ഓരോ ആശങ്കയും ചോദ്യങ്ങളും അവധാനതയോടെ തുറന്ന രീതിയിൽ ചർച്ച ചെയ്യണമെന്നാണ് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്. സങ്കീർണവും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാൻ കെൽപ്പുള്ളതുമായ ഒരു പദ്ധതിയെക്കുറിച്ച് യോജ്യമായ നിഗമനത്തിലെത്താൻ ഇത്തരം സമീപനമാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുക.
ലുലു മാൾ ഉദ്ഘാടനവേളയിൽ എന്റെ പ്രസംഗത്തിൽ രണ്ടു കാര്യങ്ങളാണ് പറഞ്ഞത്. ആദ്യത്തേത്, തിരുവനന്തപുരത്ത് ഷോപ്പിങ്ങിനും ഭക്ഷണത്തിനും വിനോദത്തിനുമെല്ലാമായി ഇത്തരത്തിലുള്ള കൂടുതലിടങ്ങൾ വേണം. ദേശീയ, അന്താരാഷ്ട്ര കമ്പനികളെ ഇവിടേക്ക് ആകർഷിക്കുന്നതിന് അത് അത്യാവശ്യമാണ് (മുതിർന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ സൗകര്യങ്ങളുള്ള നഗരമേഖലകളാണ് താത്പര്യമെന്നതിനാൽ ടെക്നോപാർക്കിൽ മികച്ചരീതിയിൽ വളർന്നിരുന്ന ഒരു ഐ.ടി. കമ്പനി ബെംഗളൂരുവിലേക്ക് പറിച്ചുനടപ്പെട്ട സംഭവമുണ്ടായിരുന്നു. ഇത് ഉദാഹരണമാക്കിയാണ് ഞാൻ സംസാരിച്ചത്). നിലവിലുള്ളതിനെക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ കേരളത്തിെല യുവാക്കൾക്ക് ആവശ്യമാണെന്നതായിരുന്നു രണ്ടാമത്തേത്. ഇതിനുള്ള ഒരേയൊരു മാർഗം സ്വകാര്യമേഖലയിലെ നിക്ഷേപകർക്ക് സംസ്ഥാനത്ത് വാതിൽ തുറന്നുനൽകുകയാണ്. ലുലു സ്ഥാപകൻ യൂസഫലിക്കു നൽകുന്ന അതേ പരിഗണന ചെറുകിട-ഇടത്തരം വ്യവസായങ്ങളുമായെത്തുന്ന ചെറിയ നിക്ഷേപകർക്കും നൽകണം. ‘വ്യവസായത്തിന് പറ്റിയ സ്ഥലമാണ് കേരളം’ എന്ന സന്ദേശം ലോകത്താകമാനം പരക്കേണ്ടതുണ്ട്. മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ ഈ സന്ദേശം അവതരിപ്പിച്ചതിനാണ് ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചത്.