തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നാളെ മുതല്‍ തുടങ്ങുമെന്ന് സിഎംഡി . വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ ബഹിഷ്കരണം കാരണം പ്രതിദിന വരുമാനത്തില്‍ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കൊവിഡിന് ശേഷമുള്ള റിക്കാര്‍ഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്.
5.79 കോടി രൂപ. വെള്ളിയാഴ്ചയും അത് പോലെ വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ അത് 4.83 കോടിയായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച ഡ്യൂട്ടി ബഹിഷ്കരണം നടത്തിക്കഴിഞ്ഞാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളൂ.
ഇങ്ങനെയുള്ള ബഹിഷ്കരണം കാരണം സര്‍വ്വീസ് മുടങ്ങുന്നത് കൊണ്ട് കെഎസ്ആര്‍ടിസിയെ ജനങ്ങളില്‍ നിന്നും അകറ്റാനേ ഉപകരിക്കൂ. അത് കൊണ്ട് തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പില്‍ മേല്‍ നിലവില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകള്‍ അതില്‍ നിന്നും പിന്മാറി സര്‍വ്വീസ് നടത്തണമെന്നും സിഎംഡി പറഞ്ഞു.