കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം സ്വയം തീവച്ച യുവാവും മരിച്ചു. പൊള്ളലേറ്റ് ചികിൽസയിലായിരുന്ന തിക്കോടി സ്വദേശി നന്ദകുമാർ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു മരണം.
നന്ദകുമാറിന്റെ ആക്രമണത്തിൽ തിക്കോടി കാട്ടുവയൽ കൃഷ്ണപ്രിയ (23) കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചായിരുന്നു സംഭവം. തിക്കോടി പഞ്ചായത്തിലെ താൽകാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. സംസാരിച്ചുകൊണ്ടിരിക്കെ, കയ്യിൽ കരുതിയ കുപ്പിയിൽനിന്നും പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്തിൽ ഒഴിച്ചശേഷം ബാക്കി പെട്രോൾ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് നന്ദകുമാർ തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രിയ സംഭവദിവസം തന്നെ മരിച്ചു. ഇരുവരും പരിചയക്കാരാണ്.