Breaking NewsKeralaLead NewsMovieNEWS

സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ,കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം!! രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗം. ഐസിസിയിൽ നിന്ന് ഇന്നലെ രാത്രി രാജിവച്ച എക്‌സ്റ്റേണൽ അംഗമായ അഡ്വ. മുഹമ്മദ് സിയാദ് ആണ് രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. അതുപോലെ അഡ്വ. മുഹമ്മദ് സിയാദിന്റെ പേരിൽ ഐസിസിയിൽ നൽകിയിരിക്കുന്നത് മറ്റൊരു അഭിഭാഷകയുടെ ഫോൺ നമ്പറാണെന്നും കണ്ടെത്തൽ.

അതേസമയം ഐസിസിയിൽ നിന്ന് ഇന്നലെ രാത്രി താൻ രാജിവെച്ചെന്നാണ് അഡ്വ. മുഹമ്മദ് സിയാദ് നൽകുന്ന വിശദീകരണം. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നൽകിയിട്ടില്ലെന്നുമാണ് ഇയാളുടെ പ്രതികരണം.

Signature-ad

ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പോലീസിന് കൈമാറുകയായിരുന്നു. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്.

രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. കേസിൽ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വാദം കേൾക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

അതേസമയം പരാതിക്കാരി കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്ന് എറണാകുളം കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. മാനസികമായി തകർന്ന നിലയിലാണ് പരാതിക്കാരിയെന്നും കമ്മീഷണർ പറഞ്ഞു. ‘ഷൂട്ടിംഗ് സൈറ്റിൽ വെച്ചാണ് സംഭവം നടന്നത്. അവിടെയുണ്ടായിരുന്ന എല്ലാവർക്കും അറിയും. അവർ കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. അവരാണ് സമാധാനപ്പെടുത്തിവിട്ടത്. അതിജീവിത മാനസികമായി തളർന്ന അവസ്ഥയിലാണ്. ഷോക്കായിരുന്നു. കൗൺസിലിംഗിന് ശേഷമാണ് പരാതിപ്പെടാൻ തയ്യാറായത്. കരഞ്ഞുകൊണ്ടാണ് ഇവിടെ വന്നത്. വലിയ ആളാണ് എതിരെ നിൽക്കുന്നത് എന്നതായിരുന്നു പെൺകുട്ടിക്ക് മുന്നിലുള്ള വെല്ലുവിളി’, കാളിരാജ് മഹേഷ് കുമാർ വിശദീകരിച്ചു.

മുൻപും ഇത്തരം രണ്ട് കേസുകൾ പ്രതിക്കെതിരെ ഉണ്ടായിരുന്നു. രണ്ട് ദിവസമായി പ്രതിയെ പിന്തുടരുന്നുണ്ടായിരുന്നു. സെൻസിറ്റീവ് ആയ കേസ് ആയതിനാൽ എസ്ഐടി രൂപീകരിച്ച് അന്വേഷിച്ചുവരികയാണെന്നും സ്ത്രീകൾക്ക് നേരെ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകരുത്. പ്രത്യേകിച്ചും ജോലിസ്ഥലത്തെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി. നടി ഐസിസിക്ക് പരാതിപ്പെട്ടോയെന്നതടക്കം രഹസ്യാത്മകയാണ്. തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യാനുസരണം പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും കമ്മീഷണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: