രണ്ട് പ്രധാന പാതകള്‍; ഒരു ബദല്‍ മാര്‍ഗം; ഉപരോധങ്ങളെ മറികടക്കാനുള്ള വഴിയും; അതി സങ്കീര്‍ണമായ കപ്പല്‍ ചാലുകള്‍; ഷാഡോ ഫ്‌ളീറ്റ്; നിരീക്ഷണമില്ലാത്ത മേഖലകളിലെ നിഗൂഢ കൈമാറ്റങ്ങള്‍; അത്ര ലളിതമല്ല റഷ്യന്‍ എണ്ണ ഇന്ത്യയിലെത്തുന്ന വിധം
റഷ്യയില്‍ നിന്ന് എണ്ണ ആദ്യം ലോഡ് ചെയ്യുന്നത് അഫ്രാമാക്‌സ് (Aframax) അല്ലെങ്കില്‍ സൂയസ്മാക്‌സ് (Suezmax) വിഭാഗത്തില്‍പ്പെട്ട ചെറിയ ടാങ്കറുകളിലാണെന്ന് താക്കൂര്‍ വിശദീകരിച്ചു. യാത്രയ്ക്കിടയില്‍, നിരീക്ഷണമില്ലാത്ത സമുദ്രഭാഗങ്ങളില്‍ വെച്ച് ഈ കാര്‍ഗോ രഹസ്യമായി മറ്റൊരു കപ്പലിലേക്ക് മാറ്റുന്നു. 'ഈ കൈമാറ്റങ്ങള്‍ അജ്ഞാത സ്ഥലങ്ങളില്‍ വെച്ചാണ് നടക്കുന്നത്. എണ്ണ ഇന്ത്യന്‍ തീരത്ത് എത്തുമ്പോഴേക്കും അത് ഉപരോധമില്ലാത്ത കപ്പലിലായിരിക്കും'- താക്കൂര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നു ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞതോടെ റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക അനുവാദം നല്‍കുമ്പോള്‍ ഏകദേശം 150 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കപ്പലില്‍ ടാങ്കറുകളിലുണ്ടായിരുന്നു.
നേരത്തെ ലോഡ് ചെയ്തതോ ട്രാന്‍സിറ്റിലുള്ളതോ ആയ കാര്‍ഗോകള്‍ക്ക് മാത്രം ബാധകമായ ഈ ഇളവ്, റഷ്യന്‍ അസംസ്‌കൃത എണ്ണ വ്യാപാരത്തിന്റെ സംവിധാനങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ വിതരണ ശൃംഖലയില്‍ എത്രത്തോളം ആഴത്തില്‍ ഇഴചേര്‍ന്നിട്ടുണ്ടെന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു. യുഎസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വാങ്ങാന്‍ ആളില്ലാതെ തീരങ്ങളില്‍ ടാങ്കറുകള്‍ വെറുതെ കിടന്നതോടെ റഷ്യന്‍ എണ്ണ കടലില്‍ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. 2022ല്‍ ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ഇറക്കുമതി, 2025 അവസാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മറ്റൊരു ഘട്ടം ഉപരോധം ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞു. എന്നാല്‍ ഇറക്കുമതി ഒരിക്കലും നിലച്ചില്ല.
ഗള്‍ഫില്‍ നിന്നുള്ള ഇന്ധന വിതരണത്തെ തടസപ്പെടുത്തിയ യുഎസ്-ഇസ്രായേല്‍, ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ നല്‍കിയ ഇളവ് ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡിന്റെ ഇടിവ് താല്‍ക്കാലികമായെങ്കിലും മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
രേഖകളില്‍ ഒരു എണ്ണക്കപ്പല്‍ യാത്ര ലളിതമായി തോന്നാം: തുറമുഖത്ത് ടാങ്കറുകളില്‍ ലോഡ് ചെയ്യുക, യാത്ര തിരിക്കുക, ഇറക്കുക. എന്നാല്‍ റഷ്യന്‍ ക്രൂഡ് ഇന്ത്യയിലെത്തുന്നതിന്റെ യാഥാര്‍ത്ഥ്യം വളരെ സങ്കീര്‍ണമാണ്. ഉപരോധങ്ങളും സങ്കീര്‍ണമായ ലോജിസ്റ്റിക് ഘടനയും ഇതിനെ സ്വാധീനിക്കുന്നു.
രണ്ട് പ്രധാന റൂട്ടുകള്‍
റഷ്യന്‍ എണ്ണ ഇന്ത്യന്‍ തീരങ്ങളില്‍ എത്തുന്ന രണ്ട് പ്രധാന ഇടനാഴികള്‍ സമുദ്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു:
പ്രധാനമായത് ബാള്‍ട്ടിക് കടലില്‍ നിന്നാണ്. പ്രത്യേകിച്ച് പ്രിമോര്‍സ്‌ക് (Primorsk), ഉസ്റ്റ്-ലൂഗ (Ust-Luga) തുറമുഖങ്ങളില്‍ നിന്ന്. ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡിന്റെ 60 മുതല്‍ 70 ശതമാനം വരെയും ഈ റൂട്ടിലൂടെയാണ് വരുന്നത്. രണ്ടാമത്തെ പ്രധാന റൂട്ട് കരിങ്കടലിലെ നോവോറോസിസ്‌ക് (Novorossiysk) ടെര്‍മിനലില്‍ നിന്നാണ് ആരംഭിക്കുന്നത്.
റഷ്യയുടെ വടക്കന്‍, കിഴക്കന്‍ തുറമുഖങ്ങളായ മര്‍മാന്‍സ്‌ക് (Murmansk), നഖോദ്ക (Nakhodka) എന്നിവടങ്ങളില്‍ നിന്നും ചെറിയ അളവില്‍ എണ്ണയെത്തുന്നു.
ബാള്‍ട്ടിക് റൂട്ട്
പ്രിമോര്‍സ്‌കും ഉസ്റ്റ്-ലൂഗയുമാണ് റഷ്യയുടെ പ്രധാന ബാള്‍ട്ടിക് കയറ്റുമതി ടെര്‍മിനലുകള്‍. ഫെബ്രുവരിയില്‍ ഏകദേശം 20 ദശലക്ഷം ബാരല്‍ ഈ ടെര്‍മിനലുകളില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഗ്ലോബല്‍ ട്രേഡ് ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലര്‍ (Kpler) നല്‍കുന്ന വിവരമനുസരിച്ച്, ആ മാസം റഷ്യ ഇന്ത്യയിലേക്കയച്ച ആകെ ക്രൂഡ് കയറ്റുമതിയുടെ 67 ശതമാനമാണിത്.
‘ഇവ റഷ്യയിലെ ഏറ്റവും ഉയര്‍ന്ന എണ്ണ ഉല്‍പ്പാദന മേഖലകളാണ്’- ഡ്രൂറി മാരിടൈം റിസര്‍ച്ചിലെ ഡയറക്ടര്‍ നവീന്‍ താക്കൂര്‍ പറഞ്ഞു.
ബാള്‍ട്ടിക്കില്‍ നിന്നുള്ള ഒരു കാര്‍ഗോ ഇന്ത്യയിലെത്താന്‍ സാധാരണയായി 25 മുതല്‍ 30 ദിവസം വരെ എടുക്കുമെന്ന് ക്ലെയറിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് നിഖില്‍ ദുബെ പറഞ്ഞു.
ഈ റൂട്ട് നോര്‍ത്ത് സീ, ജിബ്രാള്‍ട്ടര്‍ കടലിടുക്ക്, മെഡിറ്ററേനിയന്‍ കടല്‍, സൂയസ് കനാല്‍, ചെങ്കടല്‍ എന്നിവയിലൂടെ കടന്ന് ഇന്ത്യന്‍ തീരത്തെത്തുന്നു. ക്ലെയര്‍, ഡ്രൂറി മാരിടൈം റിസര്‍ച്ച് എന്നിവയുടെ കണക്കനുസരിച്ച് ഇത് ഏകദേശം 7,000 നോട്ടിക്കല്‍ മൈല്‍ അല്ലെങ്കില്‍ 12,964 കിലോമീറ്റര്‍ ദൂരമാണ്.
ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമ്പോള്‍, അസംസ്‌കൃത എണ്ണ സിംഗിള്‍ പോയിന്റ് മൂറിംഗുകള്‍ (SPMs)തീരവുമായി ബന്ധിപ്പിച്ചിട്ടുള്ള വെള്ളത്തിനടിയിലുള്ള പൈപ്പ് ലൈനുകള്‍വഴിയോ അല്ലെങ്കില്‍ ലൈറ്ററേജ് (ചെറിയ കപ്പലുകള്‍ വഴി വലിയ ടാങ്കറില്‍ നിന്ന് തീരത്തേക്ക് എണ്ണ എത്തിക്കുന്ന രീതി) വഴിയോ പുറത്തെടുക്കുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജാംനഗര്‍ റിഫനറിയെയും നയാര എനര്‍ജി, ഐഒസിഎല്‍ (IOCL), ബിപിസിഎല്‍ എന്നിവര്‍ ഉപയോഗിക്കുന്ന വടിനാര്‍ റിഫനറിയെയും സഹായിക്കുന്ന ഗുജറാത്തിലെ സിക്കയാണ് ഇന്ത്യയിലെ പ്രധാന സ്വീകരണ പോയിന്റുകള്‍. പടിഞ്ഞാറന്‍ തീരത്തെ മംഗലാപുരവും കിഴക്കന്‍ തീരത്തെ ഒഡീഷയിലെ പാരദ്വീപും പ്രധാനമാണ്.
യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിച്ചപ്പോള്‍ ഉണ്ടായതുപോലെ ആ റൂട്ട് സുരക്ഷിതമല്ലാതാകുമ്പോള്‍, കപ്പലുകള്‍ ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി സഞ്ചരിക്കുന്നു. ഈ ബദല്‍ റൂട്ടിന് 5,000 നോട്ടിക്കല്‍ മൈല്‍ അധിക ദൂരമുണ്ട്, ഇത് യാത്രയ്ക്ക് 15-20 ദിവസം അധികമായി എടുക്കുന്നു. അതിനാല്‍ ഇത് കൂടുതല്‍ ചെലവേറിയതാണ്. പ്രാഥമിക റൂട്ട് സുരക്ഷിതമല്ലാത്തപ്പോള്‍ മാത്രമേ ഇത് ഉപയോഗിക്കൂ.
ബ്ലാക്ക് സീ (കരിങ്കടല്‍) റൂട്ട്
രണ്ടാമത്തെ പ്രധാന പാത റഷ്യയുടെ നോവോറോസിസ്‌ക് ടെര്‍മിനലില്‍ നിന്ന് ആരംഭിച്ച് മെഡിറ്ററേനിയന്‍ കടല്‍, സൂയസ് കനാല്‍, ചെങ്കടല്‍ എന്നിവയിലൂടെ കടന്ന് ഇന്ത്യയിലെത്തുന്നു. 4,200 നോട്ടിക്കല്‍ മൈല്‍ ദൂരമുള്ള ഈ യാത്രയ്ക്ക് 15 മുതല്‍ 20 ദിവസം വരെ മതിയാകും. ഇത് ബാള്‍ട്ടിക് റൂട്ടിനേക്കാള്‍ വളരെക്കുറവാണ്.
ഫെബ്രുവരിയില്‍ ഏകദേശം 8.7 ദശലക്ഷം ബാരല്‍ ഈ റൂട്ടിലൂടെ ഇന്ത്യയിലെത്തി. ഇത് ആ മാസത്തെ റഷ്യന്‍ വിതരണത്തിന്റെ ഏകദേശം 30 ശതമാനമാണെന്ന് കെപ്ലര്‍ വ്യക്തമാക്കുന്നു.
കപ്പലില്‍ നിന്നുള്ള കൈമാറ്റം
റഷ്യന്‍ എണ്ണയ്ക്ക് മേലുള്ള കര്‍ശന നിരീക്ഷണവും ഉപരോധവും കാരണം, കപ്പലുകള്‍ പ്രധാനമായും രണ്ട് സമുദ്ര പാതകളിലൂടെ ഇന്ത്യയിലേക്ക് വരുമെങ്കിലും അവയുടെ യാത്രകള്‍ അപൂര്‍വമായി മാത്രമേ നേരിട്ടുണ്ടാകൂ.
റഷ്യയില്‍ നിന്ന് എണ്ണ ആദ്യം ലോഡ് ചെയ്യുന്നത് അഫ്രാമാക്‌സ് (Aframax) അല്ലെങ്കില്‍ സൂയസ്മാക്‌സ് (Suezmax) വിഭാഗത്തില്‍പ്പെട്ട ചെറിയ ടാങ്കറുകളിലാണെന്ന് താക്കൂര്‍ വിശദീകരിച്ചു. യാത്രയ്ക്കിടയില്‍, നിരീക്ഷണമില്ലാത്ത സമുദ്രഭാഗങ്ങളില്‍ വെച്ച് ഈ കാര്‍ഗോ രഹസ്യമായി മറ്റൊരു കപ്പലിലേക്ക് മാറ്റുന്നു.
‘ഈ കൈമാറ്റങ്ങള്‍ അജ്ഞാത സ്ഥലങ്ങളില്‍ വെച്ചാണ് നടക്കുന്നത്. എണ്ണ ഇന്ത്യന്‍ തീരത്ത് എത്തുമ്പോഴേക്കും അത് ഉപരോധമില്ലാത്ത കപ്പലിലായിരിക്കും’- താക്കൂര്‍ പറഞ്ഞു.
ഇത്തരം ഷിപ്പ്-ടു-ഷിപ്പ് (STS) കൈമാറ്റങ്ങള്‍ കേവലം ഉപരോധം മറികടക്കാന്‍ മാത്രമല്ല. അവ പ്രായോഗികമായ മറ്റ് ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്നു. യുറാല്‍സ് (റഷ്യ) ക്രൂഡിനെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രൂഡുമായി കലര്‍ത്തുന്നതിനും (blending), അതുവഴി ഇന്ത്യന്‍ റിഫൈനറികള്‍ക്ക് അനുയോജ്യമാക്കുന്നതിനും ഗതാഗത ചെലവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
കൈമാറ്റം സ്വീകരിക്കുന്ന കപ്പല്‍ സാധാരണയായി വെരി ലാര്‍ജ് ക്രൂഡ് കാരിയര്‍ (VLCC) ആയിരിക്കും. ഇത് ഒന്നിലധികം കാര്‍ഗോകള്‍ ഒന്നിച്ച് വഹിക്കുന്ന വമ്പന്‍ ടാങ്കറാണ്. ഈ കപ്പലാണ് ഇന്ത്യയിലേക്കുള്ള അവസാന ഘട്ട യാത്ര പൂര്‍ത്തിയാക്കുന്നത്. ബാള്‍ട്ടിക്, ബ്ലാക്ക് സീ റൂട്ടുകളില്‍ ഇത്തരം കൈമാറ്റങ്ങള്‍ നടക്കാറുണ്ട്.
‘യുഎസും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തി ഈ ഷാഡോ ഫ്‌ലീറ്റിന്റെ (രഹസ്യ കപ്പലുകള്‍) പ്രവര്‍ത്തനം തടയാന്‍ ശ്രമിക്കുന്നു. ഇത് ഇന്‍ഷുറന്‍സ് ലഭിക്കുന്നത് പ്രയാസകരമാക്കി. ചില റഷ്യന്‍ കമ്പനികള്‍ ഇപ്പോഴും ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നതിനാല്‍ ഈ കപ്പലുകള്‍ വ്യാപാരം തുടരുന്നു. ലക്ഷ്യമിട്ട കപ്പലുകളില്‍ 70 ശതമാനത്തിലധികം റഷ്യയിലേക്ക് ഫ്‌ളാഗ് മാറ്റുകയും ചെയ്യുന്നു’- താക്കൂര്‍ പറഞ്ഞു.
എല്ലാ റഷ്യന്‍ എണ്ണയും ഉപരോധിക്കപ്പെട്ടവയല്ല. നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, ബാരലിന് 47.6 ഡോളറോ അതില്‍ താഴെയോ വിലയ്ക്ക് വില്‍ക്കുന്ന റഷ്യന്‍ ക്രൂഡ് നിയമപരമായി വ്യാപാരം ചെയ്യാം. ഈ വിലയില്‍ റഷ്യക്ക് ലാഭം വളരെ കുറവാണ്.
ഇത് വ്യാപാരികള്‍ ‘ഡാര്‍ക്ക് ട്രേഡ്’ എന്ന് വിളിക്കുന്ന ഇടപാടുകള്‍ക്ക് കാരണമായി. വില പരിധിക്ക് മുകളില്‍ വില്‍ക്കുന്ന എണ്ണ, പാശ്ചാത്യ ബാങ്കുകളുടെയും ഇന്‍ഷുറര്‍മാരുടെയും പരിധിക്ക് പുറത്തുള്ള കപ്പലുകള്‍ വഴി കൊണ്ടുപോകുന്നു. ഇതിന്റെ ഗതാഗത ചെലവ് സാധാരണയേക്കാള്‍ 50 മുതല്‍ 100 ശതമാനം വരെ കൂടുതലാണ്.
എന്തുകൊണ്ട് റഷ്യന്‍ എണ്ണ പ്രവാഹം തുടരുന്നു?
നിയമപരമായ സങ്കീര്‍ണ്ണതകളും ഉയര്‍ന്ന ചെലവുകളും നിരീക്ഷണങ്ങളും ഉണ്ടെങ്കിലും, റഷ്യന്‍ ക്രൂഡ് ഇന്ത്യയിലേക്കും ആഗോള വിപണിയിലേക്കും എത്തുന്നത് തുടരുന്നു. കാരണം, ഇതിന് പകരമുള്ള മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ അപകടസാധ്യതയുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. ‘റഷ്യന്‍ ക്രൂഡിനെ ഈ സമവാക്യത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ ആഗോള വിതരണം വലിയ പ്രതിസന്ധിയിലാകും’- നവീന്‍ താക്കൂര്‍ പറഞ്ഞു.
#MalayalamNews, #RussiaIndiaOil, #RussianCrude, #IndiaEnergy, #OilTrade, #GlobalEconomy, #USeconomy, #RussiaUkraineWar, #MiddleEastCrisis, #HormuzStrait, #CrudeOilPrice, #EnergySecurity, #IndianRefineries, #InternationalTrade, #BusinessNewsMalayalam #RussianOilToIndia, #OilImportWaiver, #EnergySupplyChain, #BalticSeaRoute, #BlackSeaRoute, #ShipToShipTransfer, #OilSanctions, #DarkTrade, #GlobalOilSupply, #IndiaRussiaRelations, #KplerData, #MaritimeLogistics







