KeralaLead NewsNEWS

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിനു സൗകര്യമൊരുക്കണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിനു സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള അടിസ്ഥാന സൗകര്യവും മനുഷ്യശേഷിയും സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജുകളിലും ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരിക്കരുത്. എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രിയിലും പോസ്റ്റുമോര്‍ട്ടത്തിനുള്ള സാധ്യത പരിശോധിച്ചു നടപ്പാക്കണം. ഇതിനെതിരെ ഫോറന്‍സിക് സര്‍ജന്‍മാര്‍ മുന്നോട്ടു വച്ച കാരണങ്ങള്‍ സ്വീകാര്യമല്ല. സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികള്‍ കൂടി പരിഗണിച്ച് ഫോറന്‍സിക് സര്‍ജന്‍മാര്‍ സഹകരിക്കുകയാണ് വേണ്ടത്. ആശുപത്രികളില്‍ സൗകര്യമില്ല എന്നു പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം വൈകിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കണ്ണന്റെ ഉത്തരവില്‍ പറയുന്നു.

Signature-ad

അതേസമയം, രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ 2015 ഒക്ടോബര്‍ 26ന് സര്‍ക്കാര്‍ അനുമതി നല്‍കിയിയെങ്കിലും നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടി കേരള മെഡിക്കല്‍ ലീഗോ സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സൂര്യാസ്തമയത്തിനു ശേഷം ആശുപത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായി കേന്ദ്ര ആരോഗ്യമന്ത്രാലയം സെപ്റ്റംബര്‍ 15ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മതിയായ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും തെളിവു മൂല്യത്തെ ഇതു ബാധിക്കില്ലെന്ന് ആശുപത്രി ഇന്‍ചാര്‍ജ് ഉറപ്പു വരുത്തണമെന്നുമാണ് നിര്‍ദേശത്തിലുള്ളത്.

Back to top button
error: