ബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിലെ സ്വയംപ്രഖ്യാപിത ആൾദൈവം രാമദാസ് ഗിരി(56)യെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ബിജ്നോർ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാമദാസ് ഗിരി ലോട്ടറി ടിക്കെറ്റടുക്കാൻ നിർദേശിച്ച നമ്പറിന് സമ്മാനം ലഭിക്കാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
ആൾദൈവമായ രാമദാസ് ഗിരി ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗ്യനമ്പറുകൾ പ്രവചിച്ചാണ് പ്രശസ്തി നേടിയിരുന്നത്.അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയുടെ അടുത്തെത്തിയത്.പക്ഷെ കുറിച്ചുകൊടുത്ത നമ്പറുകൾക്കൊന്നും ലോട്ടറി അടിച്ചില്ലെന്നു മാത്രമല്ല,മുഹമ്മദ് ജിഷാന്റെ അംപതിനായിരം രൂപ പോയി കിട്ടുകയും ചെയ്തു.ഇതിൽ പ്രകോപിതനായ മുഹമ്മദ് ജിഷാൻ രാമദാസ് ഗിരിയെ വടി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ ബിജ്നോർ നങ്ഗൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. എന്നാൽ കവർച്ചാശ്രമമോ മറ്റോ നടന്നിട്ടില്ലെന്നും വ്യക്തമായി. തുടർന്ന് രാമദാസ് ഗിരിയുമായി ബന്ധപ്പെട്ടവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഈ അന്വേഷണമാണ് മുഹമ്മദ് ജിഷാനിലേക്കെത്തിയത്.