ചെന്നൈ: ചെന്നൈ ഐഐടി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമയുടെ അച്ഛന്‍ അബ്ദുള്‍ ലത്തീഫ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവായപ്പോഴും ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോഴും സ്റ്റാലിന്‍ കൂടെത്തന്നെ നില്‍ക്കുന്നുവെന്ന് ലത്തീഫ് പറഞ്ഞു.
കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുമ്പാകെ ഇന്നലെ ലത്തീഫ് മൊഴി നല്‍കിയിരുന്നു. കേസില്‍ നീതി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മൊഴി രേഖപ്പെടുത്തിയ ശേഷം ലത്തീഫ് പ്രതികരിച്ചത്.
ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മരണം വരെയും പോരാടും. മദ്രാസ് ഐഐടി അധികൃതര്‍ ഈ ദിവസം വരെ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു. 2019 നവംബര്‍ ഒന്‍പതിനാണ് ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.