കേരളം ഉൾപ്പെടെ ആറു സ്ഥലങ്ങളിൽ ഡിസംബർ മുതൽ ഫെബ്രുവരിവരെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കർണാടക, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, രായലസീമ എന്നിവിടങ്ങളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുക.ഇതിൽ ആന്ധ്രാപ്രദേശിന്റെ തീരദേശം, കർണാടകയുടെ ഉൾനാടൻ മേഖല എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ലഭിക്കുകയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, വടക്കുപടിഞ്ഞാറ് ഇന്ത്യയിൽ സാധാരണയിൽ കുറവ് മഴയാണ് ലഭിക്കുക.ഇവിടെ താപനില കൂടുകയും ചെയ്യും.പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ സാധാരണ താപനിലയായിരിക്കും. നവംബറിൽ കേരളത്തിലും തമിഴ്‌നാട്ടിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചിരുന്നു. മഴക്കെടുതികളിൽ നവംബറിൽ മാത്രം തമിഴ്‌നാട്ടിൽ എട്ടു പേർ മരിച്ചിട്ടുണ്ട്. കേരളത്തിൽ ഒക്ടോബർ മുതൽ മഴക്കെടുതികളിൽ 27 പേർ മരിച്ചെന്നാണ് റിപ്പോർട്ട്.