ഞങ്ങളെ ചതിയന്മാർ എന്ന് വിളിച്ചു ,മോശം പദങ്ങൾ ഉപയോഗിച്ചവരെ സോണിയയും രാഹുലുമടക്കം തടഞ്ഞില്ല ,കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തെ പറ്റി കപിൽ സിബൽ
കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തിലെ സംഭവവികാസങ്ങൾ പുറത്ത് വിട്ട് മുതിർന്ന നേതാവ് കപിൽ സിബൽ .ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് കപിൽ സിബൽ പ്രവർത്തക സമിതി യോഗത്തിലെ രഹസ്യങ്ങൾ പങ്കു വച്ചത് .
അഞ്ചു മുന്മുഖ്യമന്ത്രിമാർ, രണ്ടു സിറ്റിംഗ് എംപിമാർ, ഒരു ഡസനോളം മുൻ കേന്ദ്ര മന്ത്രിമാർ തുടങ്ങി 23 പേർ ഒപ്പിട്ട കത്ത് കോൺഗ്രസ്സ് പ്രവർത്തക സമിതി ചർച്ച ചെയ്തതിനെ കുറിച്ചായിരുന്നു കപിൽ സിബലിന്റെ .പ്രതികരണം .കത്തിൽ പങ്കു വച്ച ആശങ്ക പരിഹരിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു .ഭരണഘടനയെ ബിജെപി അട്ടിമറിക്കുകയാണെന്നു ആശങ്കപ്പെടുന്ന കോൺഗ്രസ്സ്, പാർട്ടി ഭരണഘടന പാലിക്കാൻ തയ്യാറാവണമെന്നും കപിൽ സിബൽ പറഞ്ഞു .
പാർട്ടി വിരുദ്ധ സ്വരങ്ങളെ ജനാധിപത്യ രീതിയിൽ അഭിസംബോധന ചെയ്യണം .പ്രവർത്തക സമിതി കത്ത് ചർച്ച ചെയ്യണമായിരുന്നു.കത്തിലെ കാര്യങ്ങൾ തെറ്റാണെങ്കിൽ ചൂണ്ടിക്കാട്ടണമായിരുന്നു .കത്തെഴുതിയതിനെ കുറിച്ചോ എഴുതിയ സമയത്തെ കുറിച്ചോ അല്ല ചർച്ച വേണ്ടിയിരുന്നത് .കത്തിലെ ഉള്ളടക്കത്തെ കുറിച്ചായിരുന്നു ചർച്ച വേണ്ടത് .എന്നാൽ പ്രവർത്തക സമിതി അതിനു തയ്യാറായില്ല എന്നും കപിൽ സിബൽ കുറ്റപ്പെടുത്തി .
പ്രശ്നങ്ങളിൽ നിന്ന് അകലം പാലിക്കുക അല്ല വേണ്ടത് .മറിച്ച് പ്രശ്നപരിഹാരത്തിന് മാർഗം തേടണം .കത്തെഴുതിയവരെ ചതിയന്മാർ എന്നാണ് വിളിച്ചത് .എന്നാൽ ഒരു നേതാവും അതിനെ തടയാൻ ശ്രമിച്ചില്ല .കത്തിൽ കാര്യങ്ങൾ മാന്യമായാണ് വിവരിക്കുന്നത് എങ്കിലും വിമർശകർ മോശം പദങ്ങൾ ആണ് ഉപയോഗിച്ചത് .സോണിയയും രാഹുലും അടങ്ങുന്ന മുതിർന്ന നേതാക്കൾ ഇത് തടയാൻ ശ്രമിച്ചില്ലെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി .