TRENDING

എന്റെ നിലപാടുകൾ നിർഭയം ഞാൻ പ്രകടിപ്പിക്കും, സൈബർ പ്രതികരണങ്ങളോട് ഡോ ഗീവർഗീസ് മാർ കൂറിലോസ്

സൈബറിടത്തെ മോശം പ്രതികരണങ്ങൾക്ക് മറുപടി പറഞ്ഞ് ഡോ ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം

ഡോ ഗീവർഗീസ് മാർ കുറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ –

Signature-ad

നമ്മുടെമേൽ അസഭ്യവർഷം ചൊരിയുന്നവരോട് എങ്ങനെ പ്രതികരിക്കണം എന്ന് ശ്രീബുദ്ധനോട് ഒരിക്കൽ ഒരു ശിഷ്യൻ ചോദിച്ചു. ബുദ്ധൻ്റെ മറുപടി “ആ അസഭ്യവർഷങ്ങൾ സ്വീകരിക്കാതിരിക്കുക. അപ്പാൾ അവ അയച്ചവരിലേക്ക് തന്നെ മടങ്ങി പൊക്കോളും ” എന്നായിരുന്നു. സംസ്കാര ശൂന്യമായ പ്രതികരണങ്ങൾക്ക് “ബൂമറാങ്ങ് ഇഫക്റ്റ് ” ആണെന്ന് സാരം.

ഇത് ഇവിടെ കുറിക്കുവാൻ കാരണം എൻ്റെ തികച്ചും വ്യക്തിപരമായ നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാൻ ഞാൻ ഉപയോഗിക്കുന്ന ഈ മുഖപുസ്തകത്തിലെ ഇടത്തിൽ ചിലർ മേൽ പറഞ്ഞ രീതിയിൽ നടത്തുന്ന നിലവാരം തീരെയില്ലാത്ത പ്രതികരണങ്ങളെ കുറിച്ച് സൂചിപ്പിക്കുവാനാണ്. ആദ്യമായിട്ടല്ല ഞാൻ എൻ്റെ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കുന്നത്. ആദ്യമായിട്ടല്ല അത്തരം നിലപാടുകളെ ചിലർ സഭ്യമല്ലാതെ അസഹിഷ്ണുതയോടെ നേരിടുന്നതും. അവരോട് എനിക്ക് പിണക്കം ഒന്നുമില്ല; സഹതാപം മാത്രം. ഇതൊന്നും എൻ്റെ നിലപാടുകളെയോ അത് പ്രകടിപ്പിക്കുന്ന രീതിയെയോ തെല്ലും സ്വാധീനിക്കുകയുമില്ല എന്ന് എന്നെ അടുത്തറിയാവുന്നവർക്ക് നന്നായി അറിയാം. പന്തുകളി അറിയാത്തവരാണ് പന്തിനെ ആക്രമിക്കാതെ കളിക്കാരനെ ആക്രമിക്കുന്നത്. ആ അറിവില്ലായ്മ റഫറിമാരും കാണികളും വിലയിരുത്തും

പറഞ്ഞു വന്നത് എൻ്റെ ആദ്ധ്യാത്മിക -രാഷ്ട്രീയ- സാമൂഹിക – സാംസ്കാരിക നിലപാടുകൾ ഒട്ടും വെള്ളം ചേർക്കാതെയും കൂടുതൽ ധൈര്യത്തോടും നിർഭയം ഞാൻ പ്രകടിപ്പിച്ചു കൊണ്ടിരിക്കും. എൻ്റെ കാഴ്ചപ്പാടുകൾ എൻ്റെ മാത്രമാണ് (there is nothing official about it), അത് എല്ലാവരും അംഗീകരിക്കണം എന്ന് ഞാൻ ആവശ്യപ്പെടാറുമില്ല. ഞാൻ നിക്ഷ്പക്ഷനല്ല, എനിക്ക് വ്യക്തമായ പക്ഷമുണ്ട്. പ്രത്യയശാസ്ത്രപരമായി അത് ഇടതുപക്ഷം തന്നെയാണ്. ഒരിക്കലും അതു മൂടിവച്ചിട്ടില്ല; മൂടിവയ്ക്കുകയുമില്ല. നിങ്ങൾക്ക് നിങ്ങളുടെ വിയോജിപ്പുകൾ രേഖപ്പെടുത്താം, അതു പക്ഷേ സഭ്യമായി ചെയ്യുന്നതാണ് അഭികാമ്യം, പ്രത്യേകിച്ച് മറ്റൊരാളുടെ ഇടത്തിൽ ചെയ്യുമ്പോൾ.. സംസ്കാര ശൂന്യത പരസ്യമായി വെളിപ്പെടുത്തുവാൻ നിർബന്ധമുള്ളവർ അതു തുടരുക, എൻ്റെ നിലപാടുകളുമായി ഞാനും ഉറച്ച് തന്നെ മുന്നോട്ടുണ്ടാകും. കാരണം എൻ്റെ മടിയിൽ ഒട്ടും കനമില്ല എന്നതു തന്നെ.

എല്ലാവർക്കും നന്മ നേരുന്നു

https://www.facebook.com/100003054810900/posts/2895373550574444/

Back to top button
error: