IndiaLead NewsNEWS

ഒമിക്രോണ്‍ വകഭേദം; കര്‍ണാടകയില്‍ നിയന്ത്രണം കര്‍ശനമാക്കി, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റീന്‍

ബെംഗളൂരു : ഒമിക്രോണ്‍ വകഭേദം കണക്കിലെടുത്ത് കര്‍ണാടകയില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കെല്ലാം 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. പത്ത് ദിവസത്തെ ഇടവേളയില്‍ കുറഞ്ഞത് മൂന്ന് കൊവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്തുവിടു. മുന്‍കരുതല്‍ നടപടിയായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഈ മാസം ഒന്നുമുതല്‍ എത്തിയ മുഴുവന്‍ പേരെയും കണ്ടെത്തി വീണ്ടും പരിശോധന തുടങ്ങി.

നവംബര്‍ 1 മുതല്‍ 95 ആഫ്രിക്കന്‍ സ്വദേശികളാണ് ബെംഗളൂരുവിലെത്തിയത്. ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയെങ്കിലും ഒമിക്രോണ്‍ അല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തി.

Signature-ad

കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കർണാടകയില്‍ പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും റെയില്‍വേ ബസ് ടെര്‍മിനലുകളിലും പരിശോധന ഊര്‍ജ്ജിതമാക്കി. കേരളത്തിൽ നിന്നെത്തുന്നവർക്ക് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്‍റീന്‍ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു.

Back to top button
error: